കുന്നംകുളം: ആനായ്ക്കലിൽ കഴിഞ്ഞദിവസം രാത്രി സ്കൂട്ടറിൽ വന്നിരുന്ന യുവതിയെ തടഞ്ഞുനിർത്തി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതപ്പെടുത്തി. തിങ്കളാഴ്ച രാത്രി എട്ടോടെ ആനായ്ക്കൽ ബസ് സ്റ്റോപ്പിനടുത്തുവച്ചാണ് സംഭവമുണ്ടായത്.
സഹോദരിയുടെ മകനെ ബസ് സ്റ്റോപ്പിലാക്കി തിരിച്ചുവരുന്നവഴിയാണ് മദ്യപിച്ച് റോഡിൽ നിന്നിരുന്ന മൂന്നംഗസംഘം യുവതിയെ ആക്രമിക്കാൻ ശ്രമിച്ചത്. നല്ല മദ്യലഹരിയിലായിരുന്നു ഇവരെന്ന് പറയുന്നു. മേഖല കേന്ദ്രീകരിച്ച് വ്യാപകമായ രീതിയിൽ പോലീസ് അന്വേഷണം ഉൗർജിതപ്പെടുത്തിയിട്ടുണ്ട്.
രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി പിന്നീട് വീട്ടുകാരൊന്നിച്ചുവന്നാണ് പരാതി നല്കിയത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത പോലീസ് കാര്യമായ രീതിയിൽതന്നെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ചിലർ പോലീസ് നിരീക്ഷണത്തിലാണെന്നും അറിയുന്നു. ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.