കുറ്റിപ്പുറം: വിവാഹവാഗ്ദാനം നൽകി കോളജ് അധ്യാപികയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായി പരാതി. പീഡിപ്പിച്ചശേഷം മേൽവിലാസവും ഫോണ് നന്പറും സഹിതം ദൃശ്യങ്ങൾ പോണ്സൈറ്റുകളിലും പ്രചരിപ്പിച്ചു.
കോഴിക്കോട് അത്തോളി സ്വദേശിയും കുറ്റിപ്പുറത്ത് അധ്യാപികയുമായ യുവതിയുടെ പരാതിയിൽ തൃശൂർ സ്വദേശി മുഹമ്മദ് ഹാഫിസിനെതിരേ ഐടി ആക്ട് പ്രകാരം കേസെടുത്തതായി മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീം പറഞ്ഞു.
യുഎഇ അജ്മാനിലെ വസ്ത്രനിർമാണ യൂണിറ്റിലെ അഡ്മിനിസ്ട്രേഷൻ മാനേജരായ പ്രതി തിങ്കളാഴ്ച വൈകിട്ടാണ് ദൃശ്യങ്ങൾ അപ്ലോഡ് ചെയ്തത്. ഫോട്ടോയ്ക്കൊപ്പം പേരും അഡ്രസും ഫോണ് നന്പറും ചേർത്തതിനാൽ അധ്യാപികയുടെ നന്പരിലേക്കു അശ്ലീല കോളുകളും ഫേസ് ബുക്കിലേക്കു കമന്റുകളും വന്നതോടെയാണ് അധ്യാപിക പോലീസിനെ സമീപിച്ചത്.
എറണാകുളം പാസ്പോർട്ട് ഓഫീസിൽനിന്നുള്ള വിവരങ്ങൾ ലഭിക്കുന്നതോടെ പ്രതിക്കായി ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നു എസ്പി അറിയിച്ചു. നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവം മലപ്പുറം നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പി.പി. ഷംസു അന്വേഷിക്കും.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതി നേരത്തെ കുറ്റിപ്പുറം പോലീസിൽ പരാതി നൽകിയിരുന്നു. ഇരുവരും പൊന്നാനിയിൽ പഠിക്കുന്നതിനിടെയാണു സംഭവം. ഒരേ കോളജിൽ പഠിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്നു യുവാവ് വിവാഹവാഗ്ദാനത്തിൽനിന്നു പിന്മാറിയതോടെ യുവതിയുടെ പരാതിയിൽ മാനഭംഗം അടക്കുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.
ആദ്യകേസിൽ ചൊവ്വാഴ്ച യുവതിയുടെ മൊഴിയെടുത്തതായി എസ്പി പറഞ്ഞു. കുറ്റിപ്പുറം പോലീസ് പരാതിയിൽ തുടർനടപടിയെടുത്തിരുന്നില്ലെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.