ലക്നോ: പീഡന പരാതിയുമായി പോലീസിനെ സമീപിക്കുന്നതു തടയാൻ യുവാക്കൾ ചേർന്ന് ഇരയായ യുവതിയെ തീ കൊളുത്തി. ഉത്തർപ്രദേശിലാണു സംഭവം. 40-45 ശതമാനം പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന് സോണൽ ഐജി സുജിത് പാണ്ഡേ അറിയിച്ചു.
കഴിഞ്ഞ മാസം 29-ന് വിവാഹിതയായ യുവതിയെ രാമു, രാജേഷ് എന്നീ സഹോദരൻമാർ ചേർന്നു പീഡനത്തിനിരയാക്കി. രണ്ടു ദിവസത്തിനുശേഷം പീഡനത്തിനിരയാക്കിയ യുവതിയെ വഴിയിൽവച്ച് ഇവർ ചേർന്നു തടഞ്ഞുനിർത്തി ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. യുവതി പോലീസിൽ പരാതി നൽകുന്നതു തടയാനായിരുന്നു യുവാക്കളുടെ ശ്രമം.
രണ്ടു ദിവസത്തേക്ക് തങ്ങളുടെ പരാതി തൊട്ടടുത്ത പോലീസ് ഒൗട്ട്പോസ്റ്റിലും താംബൂർ പോലീസ് സ്റ്റേഷനിലും സ്വീകരിച്ചില്ലെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ താംബൂർ സ്റ്റേഷനിലെ മൂന്നു പോലീസുകാരെ സസ്പെൻഡ് ചെയ്തതായി എസ്പി പ്രഭാകർ ചൗധരി അറിയിച്ചു. അക്രമം നടത്തിയ യുവാക്കളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.