തലയോലപ്പറന്പ്: മദ്രസയിൽ പഠിക്കാനെത്തിയ എട്ടുവയസുകാരിയെ ശാരീരികമായി ദുരുപയോഗം ചെയ്ത കേസിൽ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായ അധ്യാപകൻ ആലുവ കൊടുങ്ങല്ലുർ മുപ്പത്തടം ആട്ടച്ചിറയിൽ വി.എം.യൂ സഫിനെതിരെ പരാതിയുമായി രണ്ടുകുട്ടികളുടെ രക്ഷിതാക്കൾ കൂടി എത്തി.
വൈക്കം മറവൻതുരുത്ത് പഞ്ചായത്തിലെ ഒരു മദ്രസയിലെ അധ്യാപകനായ ഇയാൾ കഴിഞ്ഞ ജനുവരി മുതൽ മേയ് 18 വരെ എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് രണ്ടു കുട്ടികളുടെ മാതാപിതാക്കൾ കൂടി ഇന്നലെ തലയോലപ്പറന്പ് പോലീസിൽ പരാതി നൽകിയത്.
മദ്രസയിൽ പഠനത്തിനായി എത്തിയിരുന്ന എട്ടുവയസുകാരിയെ ഇയാൾ ശാരീരികമായി ദുരുപയോഗിച്ചെന്ന് കാട്ടിയുടെ രക്ഷിതാക്കൾ പള്ളിക്കമ്മിറ്റിക്ക് പരാതി നൽകിയതിനെ തുടർന്ന് മഹല്ല് കമ്മിറ്റി യൂസഫിനെ ജോലിയിൽ നിന്നും മാറ്റി.
രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കടന്നു കളഞ്ഞ ഇയാളെ തലയോലപ്പറന്പ് എസ് എച്ച് ഒ ക്ലീറ്റസ്.കെ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കൊടുങ്ങല്ലൂരിൽ നിന്നും പിടികൂടി കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.