കൊണ്ടോട്ടി: ജില്ലയിൽ അഞ്ച് വർഷമായി സ്ത്രീപീഡന കേസുകൾ ഗണ്യമായി കുറയുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ 2017 നവംബർ വരെ 1250 സ്ത്രീപീഡന കേസുകളാണ് വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തത്. ബലാത്സംഗം, തട്ടികൊണ്ടുപോകൽ, പൂവാലശല്യം, ഉപദ്രവിക്കൽ, ഭർതൃപീഡനം തുടങ്ങിയവയിലാണ് കേസുകളെടുത്തത്. സംസ്ഥാനത്ത് കഴിഞ്ഞ വർഷം കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് എറണാകുളത്താണ്.
1838 കേസുകളാണ് എറണാകുളത്തുണ്ടായത്. തിരുവനന്തപുരത്ത് 1622 കേസും കോഴിക്കോട്ട് 1311 കേസുകളുമുണ്ടായി. മലപ്പുറം ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്ത്രീപീഡന കേസുകൾ കുറഞ്ഞു വരികയാണെന്ന് സംസ്ഥാന പോലീസ് ക്രൈം റിപ്പോർട്ടിൽ പറയുന്നു. 2016 ൽ 1419 കേസും 2015-ൽ 1476 കേസുമാണാണ് ജില്ലയിലുണ്ടായത്. 2014-ൽ 1461, 2013-ൽ 1380, 2012-ൽ 1264 കേസുകളുമാണുണ്ടായി.
ജില്ലയിൽ സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങൾ കഴിഞ്ഞ വർഷം മുന്നു കേസുകളുണ്ടായി. സംസ്ഥാനത്ത് ആകെ പത്ത് കേസുകളാണ് സ്ത്രീധനവുമായി ബന്ധപ്പെട്ടുണ്ടായത്. ഇതിൽ മലപ്പുറത്തും തിരുവനന്തപുരത്തുമാണ് മൂന്നു കേസുകൾ വീതമുണ്ടായത്. 357 ഭർതൃപീഡന കേസുകളാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത്. തൊട്ടുമുന്‍പുള്ള വർഷം ഭർതൃപീഡന കേസുകൾ 436 ആയിരുന്നു.
വാഹനങ്ങളിലും സ്കൂൾ, കോളജ് പരിസരങ്ങളിലാണ് സ്ത്രീകൾക്കു നേരെ ഏറെ ആക്രമണമുണ്ടായത്. ദാന്പത്യ കലഹങ്ങളും ഭർതൃകുടുംബ പീഡനങ്ങളും മലപ്പുറം ജില്ലയിൽ കുറവാണ്. കഴിഞ്ഞ വർഷം ഏറെയുണ്ടായത് കൊല്ലം ജില്ലയിലും കുറവ് പത്തനംതിട്ടയിലുമാണ്. കൊല്ലത്ത് 277 കേസുകളും പത്തനംതിട്ടയിൽ 81 കേസുകളുമാണുണ്ടായത്. നിയമം കർക്കശമായിട്ടും മലപ്പുറം ജില്ലയിൽ ശൈശവ വിവാഹങ്ങൾ വർധിക്കുന്നുണ്ട്.