മഞ്ചേരി: വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡനത്തിനിരയാക്കിയെന്ന കേസിൽ ഒളിവിൽ കഴിയുന്ന രണ്ടാം പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷൽ കോടതി തള്ളി. വളാഞ്ചേരി ഇരുന്പിളിയം വെണ്ടല്ലൂർ നന്പ്രത്ത് ഫൈസൽ ബാബു (37)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ.വി.നാരായണൻ തള്ളിയത്.
ഒളിവിൽ കഴിയുന്ന കേസിലെ ഒന്നാം പ്രതിയും വളാഞ്ചേരി നഗരസഭയിൽ 32-ാം ഡിവിഷനിൽ നിന്നുള്ള ഇടതുകൗണ്‍സിലറുമായ തൊഴുവാനൂർ കാളിയാല നടക്കാവിൽ ഷംസുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി. അതുവരെ ഷംസുദ്ദീനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവുണ്ട്. വിവാഹ വാഗ്ദാനം നൽകി 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തിൽനിന്നു പിൻമാറിയതോടെ കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. പെണ്‍കുട്ടിയെ ഷംസുദ്ദീന്റെ നിർദേശ പ്രകാരം വാടക ക്വാർട്ടേഴ്സിൽ നിന്ന് ഒന്നാം പ്രതിയുടെ ബന്ധു വീട്ടിലേക്ക് കൊണ്ടുപോയി എന്നതാണ് രണ്ടാം പ്രതിയുടെ പേരിലുള്ള കുറ്റം.