കണ്ണൂർ: വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് പള്ളിപ്രം കരിക്കിൻകണ്ടി ചിറയിൽ ബസ് കണ്ടക്ടർക്കു നേരേ ആൾക്കൂട്ട ആക്രമണം. ബസ് അടിച്ചുതകർത്തു. കണ്ണൂർ സ്വദേശിയായ കണ്ടക്ടർക്ക് പരിക്കേറ്റു. സംഭവത്തിൽ ഇരുപതോളം പേർക്കെതിരേ ചക്കരക്കൽ പോലീസ് സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് ചക്കരക്കൽ എസ്ഐ പി. ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
13ന് രാത്രി കരിക്കിൻകണ്ടിചിറയിലാണ് സംഭവം. ബസിൽ കയറിയ വിദ്യാർഥിനിയോട് കണ്ടക്ടർ അപമര്യാദയായി പെരുമാറിയെന്ന് വിദ്യാർഥിനി പറഞ്ഞതിനെ തുടർന്ന് പെൺകുട്ടിയുടെ അച്ഛനും ബന്ധുക്കളും കണ്ടക്ടറോട് ചോദിക്കാൻ ചെന്നതായിരുന്നു.
ഇതിനിടെ പെൺകുട്ടിയെ കണ്ടക്ടർ പീഡിപ്പിച്ചെന്ന വാർത്ത സോഷ്യൽമീഡിയ വഴി നാട്ടിൽ പടരുകയും ചെയ്തു. പെൺകുട്ടിയുടെ ബന്ധുക്കൾ കണ്ടക്ടറെ ചോദ്യം ചെയ്യുന്നതിനിടെ ഒരുകൂട്ടം ആളുകളെത്തി കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു. കണ്ടക്ടർക്ക് ക്രൂരമായ മർദനമേറ്റു. തുടർന്ന് ആൾക്കൂട്ടം ബസും ആക്രമിച്ചു.
ബസിന്റെ ഗ്ലാസുകളടക്കം അടിച്ചുതകർത്തു. ഇതിനിടെ ചിലർ അക്രമദൃശ്യങ്ങൾ ഫോണിലെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ചക്കരക്കൽ പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷം ഉണ്ടാക്കിയവരെ പിരിച്ചുവിട്ടത്.
ആൾക്കൂട്ട ആക്രമണം നടത്തിയവർക്കെതിരേ കർശന നടപടിയുമായി ചക്കരക്കൽ പോലീസ് സ്വമേധയാ കേസെടുത്ത് കർശന നടപടി സ്വീകരിക്കുകയായിരുന്നു. അക്രമിക്കുന്ന ദൃശ്യങ്ങൾ നോക്കി പോലീസ് പ്രതികളിൽ ചിലരെ പിടികൂടിയിട്ടുണ്ട്. പള്ളിപ്രം മേഖലകളിൽ ആൾക്കൂട്ട ആക്രമണങ്ങൾ വ്യാപകമായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും ചക്കരക്കൽ എസ്ഐ പി. ബിജു അറിയിച്ചു.