അരിസോണ: വ്യോമസേന ഉദ്യോഗസ്ഥൻ മാനഭംഗപ്പെടുത്തിയതായി വെളിപ്പെടുത്തി യുഎസ് സെനറ്റർ. അരിസോണ സെനറ്റർ മാർത്താ മെക്ക് സാലിയാണ് വെളിപ്പെടുത്തൽ നടത്തിയത്. യുദ്ധത്തിൽ പോർവിമാനം പറത്തിയ ആദ്യ യുഎസ് വനിതാ പൈലറ്റായ മാർത്ത, സൈന്യത്തിൽ ജോലി ചെയ്തിരുന്ന സമയത്താണ് പീഡനത്തിനു ഇരയായത്.
തനിക്ക് നിലവിലെ സംവിധാനത്തിൽ വിശ്വാസം ഇല്ലാതിരുന്നതിനാലും നാണക്കേട് തോന്നിയതിനാലും സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടില്ലെന്നു ഇവർ പറയുന്നു. വർഷങ്ങളായി ഇതിനെക്കുറിച്ച് താൻ മൗനം പാലിച്ചുവരികയായിരുന്നെന്ന് സെനറ്റ് ആംഡ് സർവീസ് സബ്കമ്മിറ്റി മുൻപാകെ മാർത്ത പറഞ്ഞു.
യുഎസ് വ്യോമസേനയിൽ 26 വർഷത്തെ സേവനത്തിനു ശേഷം മാർത്ത കേണൽ റാങ്കിൽ 2010 ൽ വിരമിച്ചു. താൻ ലൈംഗീക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് മുൻപും മാർത്ത വെളിപ്പെടുത്തിയിട്ടുണ്ട്. ഹൈസ്കൂളിൽ പഠിക്കുമ്പോൾ അത്ലറ്റിക് പരിശീലകൻ തന്റെ 17 ാം വയസിൽ പീഡിപ്പിച്ചതായി അവർ വാൾസ്ട്രീറ്റ് ജേർണലിനോട് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഈ വെളിപ്പെടുത്തൽ നടത്തിയത്.