കുമരകം: ഭക്ഷണം നൽകാതെ ഭർതൃമാതാവിനെ പതിവായി വീട്ടിൽ പൂട്ടിയിട്ടു മുങ്ങുന്ന മരുമകളെ അയൽവാസികൾ തടഞ്ഞുവച്ചു. കുമരകം ഉമ്മാച്ചേരി റോഡിൽ മൃഗാശുപത്രിക്കു സമീപത്ത് ഇന്നു രാവിലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
അഴിത്തറ (സ്രാന്പിച്ചിറ) ഗൗരിമ്മ (92) യെയാണ് മരുമകൾ വിജി വീട്ടിൽ തനിച്ചാക്കി വിടും പൂട്ടി മുങ്ങുന്നത്. കുമരകം ഗവണ്മെന്റ് ആശുപത്രിക്ക് സമീപം തയൽകടയിൽ ജോലി ചെയ്യുകയാണ് വിജി. ഗൗരിയമ്മയുടെ മകൻ ഗോപി ദാസും ഭാര്യ വിജിയുമായുള്ള പിണക്കമാണ് വൃദ്ധമാതാവിന് വിനയായതെന്നാണ് അയൽവാസികൾ പറയുന്നു.
ഗൗരിയമ്മക്ക് രണ്ട് പെണ്മക്കൾ കൂടി ഉണ്ട്. ഐഷമ്മയും ശോഭയും. ഐഷമ്മയെ മുഹമ്മ കഞ്ഞിക്കുഴിയിലും ശോഭയെ കൊല്ലാട്ടുമാണ് വിവാഹം ചെയ്തയച്ചത്. പലപ്പോഴും ഐഷമ്മ മാതാവിനെ സ്വന്തം വീട്ടിൽ കൊണ്ടു പോയും കുമരകത്തെ സ്വന്തം വീട്ടിലെത്തിയും ശുശ്രൂഷിക്കുന്നുണ്ട്.
വീട് തുറന്നിട്ടിട്ട് വിജി പോയാൽ ഈ വൃദ്ധമതാവിന് ഭക്ഷണം കൊടുക്കാൻ തയാറാണെന്ന് അയൽവാസികൾ രാഷ്ട്രദീപികയോട് പറഞ്ഞു. കുമരകം പോലീസ് വിജിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.