ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലാബ് ജീവനക്കാരിയെ ശല്യം ചെയ്തുവെന്ന പരാതിയിൽ ഗൈനക്കോളജി ലാബിലെ രണ്ടു ടെക്നീഷ്യൻമാർക്കെതിരേ ഗാന്ധിനഗർ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് അനുസരിച്ചാണ് കേസ്.
കഴിഞ്ഞ ജൂണ്‍ 14നാണ് കേസിനാസ്പദമായ സംഭവം. ലാബിൽ ഡ്യൂട്ടിക്കിടെ ടെസ്റ്റ് ട്യൂബിൽ ഷുഗർ റീജന്റ ഒഴിച്ചുകൊണ്ടിരിക്കെ പരിശോധനാ ഫലം എടുക്കാനെന്ന വ്യാജേന യുവതിയെ സ്പർശിക്കാൻ ശ്രമിക്കവേ കൈ തട്ടിമാറ്റി മുറിക്കുള്ളിൽ കയറി രക്ഷപെട്ടു. ഇത് സംബന്ധിച്ച് വകുപ്പ് മേധാവിക്ക് പരാതി നൽകിയിരുന്നു.
ഇതിനു ശേഷം പ്രതികൾ പല തവണ മോശമായി പെരുമാറുകയും ലൈംഗിക ചുവയുള്ള വർത്തമാനം പറയുകയും പതിവായെന്ന് പരാതിയിൽ പറയുന്നു. പ്രതികൾ യൂണിയൻ പ്രവർത്തകരായതിനാൽ അതിന്റെ പേരിൽ യുവതിയെ ഭീഷണിപ്പെടുത്തുകയും സ്ഥലം മാറ്റ ഭീഷണി മുഴക്കുകയും ചെയ്തുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
യുവതി വകുപ്പ് മേധാവിക്കും കോളജ് പ്രിൻസിപ്പലിനും ആദ്യം പരാതി നൽകി. പിന്നീട് ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയെങ്കിലും സാക്ഷികൾ ഇല്ലാതിരുന്നതിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായില്ല. തുടർന്ന് യുവതി ഏറ്റുമാനൂർ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയായിരുന്നു. കോടതിയുടെ നിർദേശപ്രകാരമാണ് ഗാന്ധിനഗർ പോലീസ് കേസെടുത്തത്.