നിസാമാബാദ്: നഴ്സിംഗ് വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ടിആർഎസ് എംപിയുടെ മകനെതിരേ കേസ്. തെലങ്കാനയിൽനിന്നുള്ള ലോക്സഭാ എംപി ഡി.ശ്രീനിവാസിന്റെ മകനെതിരേയാണ് 11 നഴ്സിംഗ് വിദ്യാർഥിനികൾ പരാതി നൽകിയത്.
ശ്രീനിവാസിന്റെ മകൻ സഞ്ജയിയുടെ നിയന്ത്രണത്തിലുള്ള ശാങ്കരി നഴ്സിംഗ് കോളജിലെ വിദ്യാർഥിനികളാണു പരാതിക്കാരെന്ന് നിസാമാബാദ് നോർത്ത് എസിപി പറഞ്ഞു. സഞ്ജയ് നിരവധി തവണ തങ്ങളെ പീഡിപ്പിച്ചെന്നാണു പെണ്‍കുട്ടികൾ പരാതിയിൽ ആരോപിക്കുന്നത്. നിസാമാബാദ് മുൻ മേയർ കൂടിയായിരുന്നു ശ്രീനിവാസ്.
പരാതിയുമായി പെണ്‍കുട്ടികൾ തെലങ്കാന ആഭ്യന്തരമന്ത്രി നൈനി നരസിംഹ റെഡ്ഡിയെയും സമീപിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അന്വേഷണത്തിന്റെ പുരോഗതക്കനുസരിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും എസിപി വ്യക്തമാക്കി.