കോട്ടയം: പതിനാറുകാരിയെ കാമുകൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. കേസായപ്പോൾ കാമുകനെ പോലീസ് പിടികൂടി റിമാൻഡു ചെയ്തു. പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ രണ്ടാനച്ഛൻ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ. ഇതേ തുടർന്ന് രണ്ടാനച്ഛനും അകത്തായി. മുണ്ടക്കയം പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം.
പത്താം ക്ലാസിൽ പഠിക്കുന്ന 16 വയസുള്ള പെണ്‍കുട്ടിയെ കാണാതായി എന്ന പരാതിയിലാണ് കേസിന് തുടക്കം. അമ്മയാണ് പെണ്‍കുട്ടിയെ കാണാതായി എന്ന പരാതി ആദ്യം പോലീസിന് നല്‍കിയത്. പോലീസ് അന്വേഷണത്തിൽ പെണ്‍കുട്ടി കാമുകനൊത്ത് കുമളിയിൽ ബന്ധുവീട്ടിലുണ്ടെന്ന് അറിവായി.
പോലീസ് എത്തി രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് വ്യക്തമായത്. അതോടെ പോക്സോ വകുപ്പു പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.പ്രായപുർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കാമുകൻ റിമാൻഡിലായി. പിന്നീട് പോലീസിന്റെ വിശദമായ മൊഴിയെടുക്കലിലാണ് രണ്ടാനച്ഛന്റെ പീഡന വിവരം പുറത്തായത്.
കാമുകൻ പിടിയിലായ വിവരം അറിഞ്ഞപ്പോൾ തന്നെ തന്റെ വിവരവും പുറത്തു വരുമെന്നു ഭയന്ന് രണ്ടാനച്ഛനും ഒളിവിൽ പോയിരുന്നു. ഇന്നു രാവിലെയാണ് രണ്ടാനച്ഛനെ പോലീസ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി സിഐ ഷാജു ജോസ്, മുണ്ടക്കയം എസ്ഐ അനൂപ് ജോസ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.