പെരിന്തൽമണ്ണ: പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കുകയും സ്വർണവും പണവും തട്ടുകയും ചെയ്ത സംഭവത്തിൽ യുവാവിനെ പോലീസ് പിടികൂടി.കാസർഗോഡ് മൂളിയാർ സ്വദേശി സുൽത്താൻ മൻസിൽ മുഹമ്മദ് അൻസാറിനെ (24)യാണ് പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രനും സംഘവും പിടികൂടിയത്. മങ്കട പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട യുവതി നൽകിയ പരാതിയിലാണ് അൻസാർ അറസ്റ്റിലായത്.
സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന യുവതീയുവാക്കൾക്ക് ജോലി വാഗ്ദാനം ചെയ്തും തമിഴ്, തെലുങ്ക് സിനിമകളിൽ അവസരം നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചുമാണ് ഇയാൾ പണവും ആഭരണവും തട്ടുന്നതെന്ന് പോലീസ് പറഞ്ഞു. ഇരകളെ മോഹന വാഗ്ദാനങ്ങൾ നൽകി വിശ്വസിപ്പിച്ച് ഹൈദരാബാദ്, ബംഗളുരൂ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് വിളിച്ചുവരുത്തും.
തുടർന്ന് ആഡംബര മുറിയെടുത്ത് തങ്ങി തന്ത്രപൂർവം പണം കൈക്കലാക്കിയ ശേഷം കടന്നുകളയും. സ്ത്രീകളുമായി അടുത്തിടപഴകി അവരുടെ സ്വർണം അവരെക്കൊണ്ടുതന്നെ പണയംവപ്പിച്ച് ലക്ഷങ്ങൾ കവർച്ച നടത്തിയിട്ടുണ്ട്. പ്രതിയെ അന്വേഷണ സംഘം കൂടുതൽ ചോദ്യം ചെയ്തതോടെ അല്ലുഅർജുന്റെ സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞു കോഴിക്കോട് മുക്കം സ്വദേശികളായ രണ്ടു യുവാക്കളിൽ നിന്നു രണ്ടുലക്ഷം രൂപ കൈപറ്റിയതുൾപ്പെടെ നിരവധി പേരെ ഇയാൾ പറ്റിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
മക്കളെ ബാലതാരമാക്കാമെന്നു പറഞ്ഞ് കോഴിക്കോടുള്ള രണ്ടുപേരിൽ നിന്നായി പതിനായിരം രൂപവീതവും ഇയാൾ തട്ടിയെടുത്തു. മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, തൃശൂർ, കോട്ടയം, വയനാട്, എറണാംകുളം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ഇത്തരത്തിൽ നിരവധിയാളുകളിൽ നിന്നു ലക്ഷങ്ങൾ വിലമതിക്കുന്ന പണവും സ്വർണവും തട്ടിയതായും പ്രതി പോലീസിനോട് സമ്മതിച്ചു.
പ്രതിയെക്കുറിച്ച് വിവരം ലഭിച്ച പോലീസ് ഫെയ്സ്ബുക്ക് ചാറ്റിലൂടെ ജോലി ആവശ്യാർഥമെന്ന വ്യാജേന ബന്ധം സ്ഥാപിച്ച് ഇയാളെ മൈസൂരുവിലേക്കു വിളിച്ചുവരുത്തിയ ശേഷം തന്ത്രപൂർവം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഈ സമയം കേരളത്തിലെ ഒരു സീരിയൽ താരം പ്രതിയോടൊപ്പമുണ്ടായായിരുന്നു. സിനിമയിൽ അവസരം നൽകാമെന്ന വാഗ്ദാനത്തിൽ അവരിൽ നിന്നും രണ്ടു ലക്ഷത്തോളം രൂപ കൈപ്പറ്റാനുള്ള ശ്രമത്തിലായിരുന്നു ഇയാൾ.
ഇതിനായി പ്രമുഖ സിനിമാ താരങ്ങളോടൊപ്പം താൻ ഉൾപ്പെട്ട ഫോട്ടോ പ്രതി താരത്തിന് കൈമാറുകയും ചെയ്തിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പോയി സിനിമാ സംവിധായകർക്കും നായക·ാർക്കും കൂടെ നിന്നുള്ള സെൽഫികളും ഇതിനായി ഇയാൾ എടുത്തുവച്ചിരുന്നു. എന്നാൽ, താരത്തെ കബളിപ്പിച്ച് കടന്നുകളയാനുള്ള നീക്കത്തിനിടെ പോലീസ് ഇയാളെ വലയിലാക്കുകയായിരുന്നു.
ഡിവൈഎസ്പിക്ക് പുറമെ എസ്ഐ ആന്റണി, അഡീഷണൽ എസ്ഐ സുബൈർ, ഉദ്യോഗസ്ഥരായ സതീശൻ, ശശികുമാർ, പ്രതീപ്, എൻ.ടി.കൃഷ്ണകുമാർ, എം.മനോജ്കുമാർ, രാമകൃഷണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്ത് കേസിന്റെ തുടരന്വേഷണം നടത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.