മുക്കം: ജോലിക്ക് പോകുന്നതിനിടെ വയോധിക പീഡനത്തിനിരയായ സംഭവത്തിൽ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. റൂറൽ എസ്പി ഡോ. എ. ശ്രീനിവാസ്, താമരശ്ശേരി ഡിവൈഎസ്പി ടി.കെ അഷ്റഫ് എന്നിവരുടെ മേൽനോട്ടത്തിൽ പത്തംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്.
ഇവർ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തും. സംഭവം നടന്ന സ്ഥലവും പരിസരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ലാത്തതിനാൽ അയൽ ജില്ലകളിലേക്കും പൊലിസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി പ്രതിയെ തേടി ഇന്നലെ മലപ്പുറം ജില്ലയിലടക്കം അന്വേഷണ സംഘമെത്തി.
ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ് പ്രതിയെന്നാണ് പോലീസിന്റെ നിഗമനം. പ്രധാനമായും മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സംഭവം നടക്കുമ്പോൾ പുറത്തുനിന്നുള്ളവർ അവിടെ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ലോക്ക് ഡൗൺ നിലനിൽക്കെ അതിരാവിലെ പ്രതി എങ്ങനെ സംഭവസ്ഥലത്തെത്തി എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. അതേസമയം സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാൻ പൊലിസിന് മേൽ ഉന്നത തലങ്ങളിൽ നിന്നടക്കം വൻ സമ്മർദ്ദമാണ് ഉയരുന്നത്.
അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. സംഭവം നടന്നതിന്റെ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലിസ് ശേഖരിച്ചെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചിട്ടില്ല.
മുത്തേരി സ്വദേശിയായ ആറുപത്തഞ്ച് കാരിയാണ് വ്യാഴാഴ്ച രാവിലെ ജോലിക്ക് പോകുമ്പോൾ ഓട്ടോറിക്ഷയിൽ വെച്ച് ആക്രമണത്തിനും മോഷണത്തിനും ഇരയായത്.
ഓമശ്ശേരി ഹോട്ടലിലെ ജീവനക്കാരിയായ ഇവർ മുത്തേരിയിൽ നിന്ന് ഓട്ടോയിൽ കയറുകയും മാങ്ങാപൊയിലിൽ വെച്ച് ബോധം നഷ്ടപ്പെടുകയുമായിരുന്നു. കൈ കാലുകൾ കെട്ടിയിട്ട് ഓട്ടോ ഡ്രൈവർ പീഢിപ്പിച്ചതായി ഇവർ മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പറയുന്നത്.