കോഴിക്കോട്: ഇടവഴിയില്‍ പെണ്‍കുട്ടിയെ പിന്തുടര്ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരേ നടക്കാവ് പൊലീസ് സ്വമേധയാ കേസെടുത്തു. പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.
അതേ സമയം സംഭവത്തില്‍ ഇതേ വരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അക്രമിച്ചയാളെക്കുറിച്ചോ അക്രമത്തിനിരയായ പെണ്‍കുട്ടിയെക്കുറിച്ചോ ഉള്ള വിവരമമൊന്നും ലഭിച്ചിട്ടില്ല. ഇക്കാര്യം അന്വേഷിച്ചുവരികയാണ്. പരാതിയുമായി ആരെങ്കിലും ഉടന്‍ രംഗത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോലീസ് പറഞ്ഞു.
ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് സ്വമേധയാ കേസെടുത്തിട്ടുള്ളത്. കോഴിക്കോട് വൈഎംസിഎ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേക്ക് പോകുന്ന ഇടവഴിയില്‍ പിവിഎസ് ഫ്ളാറ്റിന് പിന്‍വശത്തായി കഴിഞ്ഞ 18ന് വൈകുന്നേരം 5.45 ന് നടന്ന സംഭവമാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്കൊപ്പം കൊടുത്തിരിക്കുന്ന കുറിപ്പില്‍ വ്യക്തമാക്കുന്നത്. ബാഗുമായി നടന്നുപോകുന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്ന യുവാണ് പെണ്‍കുട്ടിയെ അക്രമിക്കുകയായിരുന്നു.
അക്രമിച്ചയാളുടെ മുഖം കൃത്യമായി സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടി ബഹളം വച്ചപ്പോള്‍ വേഗത്തില്‍ ഓടിവരുന്ന ഇയാള്‍ അല്പ സമയം ആരെങ്കിലും സംഭവം കണ്ടിട്ടുണ്ടോ എന്ന് വീക്ഷിക്കുന്നുമുണ്ട്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.