കോഴിക്കോട്: പണം തട്ടിയ ആള്‍ക്കെതിരേ പരാതി നൽകാനെത്തിയ യുവതിയെ പോലീസുകാരന് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതായി പരാതി. പോലീസ് കംപ്ലെയിന്റ് അഥോറിറ്റിയിലാണ് യുവതി പരാതി നല്‍കിയത്.
ഫറോക്ക് അസി. പോലീസ് കമ്മീഷണർ പരിധിയിലെ സ്റ്റേഷനിൽ ജോലി ചെയ്യുന്ന പോലീസുകാരനെതിരേ കോഴിക്കോട് സ്വദേശിനിയായ നഴ്സാണു പരാതി നൽകിയത്. പോലീസ് കംപ്ലെയിന്റ് അഥോറിറ്റി ചെയർമാൻ എസ്. സതീശ് ചന്ദ്രബാബു പരാതി ഏപ്രിൽ 18ന് പരിഗണിക്കും.
യുവതിയുടെ പരാതി ഇങ്ങനെ: പരിചയക്കാരനായിരുന്ന ഹബീബ് എന്നയാൾ നാലു വർഷം മുൻപ് മാവൂർ റോഡ് കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം 40, 000 രൂപ തന്നില്‍നിന്നു വായ്പയായി വാങ്ങിയിരുന്നു.
പണം തിരിച്ചു കിട്ടാത്തതിനെ തുടർന്നു പുതിയ സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ എത്തി പോലീസുകാരനെ അറിയിച്ചു. അവിടെനിന്നുള്ള നിർദേശപ്രകാരം കസബ പോലീസ് സ്റ്റേഷനിലേക്കു പോകുന്ന വഴി, സഹായിയായി എത്തിയ പോലീസുകാരൻ നമ്പർ വാങ്ങി.
തുടർന്നു പതിവായി ഫോണിൽ വിളിക്കുകയും സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിലെത്തിച്ചു പീഡിപ്പിക്കുകയും ചെയ്തു. പോലീസുകാരനെതിരേ കസബ സ്റ്റേഷനിലും സിറ്റി കമ്മീഷണർക്കും പരാതി നൽകിയതിനെ തുടർന്നു 2020 ജൂലൈയിൽ വകുപ്പുതല അന്വേഷണത്തിൽ കുറ്റം തെളിയുകയും കമ്മീഷണർ നടപടിയെടുക്കുകയും ചെയ്തിരുന്നു.
പിന്നീടിയാള്‍ തിരികേ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. പക്ഷേ, ഇതുവരെ പോലീസുകാരനെതിരേ കസബ സ്റ്റേഷനിൽ കേസെടുത്തില്ലെന്നാണു പരാതി. മാത്രമല്ല പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആക്ഷേപവും യുവതി ഉന്നയിക്കുന്നു.