കൊച്ചി: പ്രായപൂർത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വയനാട് മുൻ ഡിസിസി സെക്രട്ടറിയും സുൽത്താൻ ബത്തേരി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഒ.എം.ജോർജിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കുറ്റവാളികൾക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബ്ലോക്ക് തല അന്വേഷണം നടത്തും. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ കർശന നടപടികളിലേക്ക് നീങ്ങും. സസ്പെന്റ് ചെയ്തതു സംബന്ധിച്ച നിർദേശം ജില്ലാ കമ്മിറ്റിക്ക് കൈമാറിയതായും മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. സീറ്റുകളുടെ കാര്യത്തിൽ ഇന്നലെ രാഹുൽ ഗാന്ധിയുമായി നടന്ന ചർച്ചയിൽ തീരുമാനമായിട്ടില്ല.
സൗഹാർദപരമായ ചർച്ചകൾ മാത്രമാണ് ഇന്നലെ നടന്നത്. പ്രാദേശിക തലത്തിൽ തീരുമാനിക്കാനാണ് അദ്ദേഹം നിർദേശിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നിന് തിരുവനന്തപുരത്ത് യുഡിഎഫ് യോഗം ചേരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.