പാന്പാടി: യുവതിയെ ഫോണ്‍ വിളിച്ച് അശ്ലീലം സംസാരിച്ച സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. യുവതി ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പീരുമേട് താലൂക്ക് ഓഫീസിലെ ജീവനക്കാരൻ കൊല്ലം ശാസ്തമംഗലം കാരാളി കോതപുരം ശ്രീമന്ദിരത്തിൽ ഗോപകുമാറിനെ (47)യാണ് പാന്പാടി സിഐ സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ഡിസംബർ 27നു യുവതി ഭർത്താവിനോടൊപ്പം പീരുമേട് താലൂക്ക് ഓഫീസിൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയുമായി എത്തി. അപേക്ഷ സ്വീകരിച്ച ഗോപകുമാർ യുവതിയോട് ഫോണ്‍ നന്പർ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്നു സ്വന്തം ഫോണ്‍ നന്പർ ഇയാൾ യുവതിയ്ക്കു കുറിച്ചു നൽകി. ദിവസങ്ങൾക്കുശേഷം സർട്ടിഫിക്കറ്റ് ശരിയായോ എന്നറിയാൻ യുവതി വിളിച്ചപ്പോഴാണ് സംഭാഷണം തുടങ്ങിയത്.
സിനിമാ നടിമാർക്കു ഹോർമോണ്‍ ചികിൽസ നടത്തി സൗന്ദര്യം വർധിപ്പിക്കുന്ന ആളാണെന്നു പറഞ്ഞാണ് ഇയാൾ യുവതിയെ വശീകരിക്കാൻ ശ്രമിച്ചത്. ഗോപകുമാറും യുവതിയും തമ്മിലുള്ള സംഭാഷണങ്ങൾ യുവതി റിക്കോർഡ് ചെയ്തിരുന്നു. താലൂക്ക് ഓഫിസിൽ അറ്റൻഡറായ ഇയാൾ ഉന്നത ഉദ്യോഗസ്ഥനാണെന്നു പറഞ്ഞും യുവതിയെ കബളിപ്പിക്കാൻ ശ്രമിച്ചതായി മണർകാട് പോലീസ് പറഞ്ഞു.