അടൂർ : മാരൂർ പുതുവലിൽ വീട്ടിൽ കയറി വീട്ടമ്മയെ ദേഹോപദ്രവം ഏല്പിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പത്തനംതിട്ടയിൽനിന്നും ശാസ്ത്രീയ കുറ്റാന്വേഷണ സംഘവും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി തെളിവെടുത്തു. രക്തംപുരണ്ട തുണി ഇവിടെനിന്നും പോലീസ് കണ്ടെടുത്തു.
15 ന് രാത്രി ഒന്നോടെയാണ് മൂന്നംഗ സംഘം വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി വായിൽ തുണിതിരുകി കയറ്റി വീടിന് പുറത്തുകൊണ്ടുപോയി ഒറ്റയ്ക്കു കഴിഞ്ഞിരുന്ന 65 കാരിയായ വീട്ടമ്മയെ ശാരീരികമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്. നാട്ടുകാരുടെ സഹായത്തോടെ തിങ്കളാഴ്ച രാവിലെ ഇവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സതേടിയതോടെയാണ് വിവരം പുറംലോകം അറിയുന്നത്.
അയൽവാസികളിൽ നിന്നും പോലീസ് ഇന്നലെ മൊഴി രേഖപ്പെടുത്തി. അക്രമിസംഘം എന്തോ ലേപനം പുരട്ടിയതുവഴി ചുണ്ടിൽ പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ വായിൽ തുണിയും തിരുകി കയറ്റിയിരുന്നു. അതേ സമയം പ്രതികളെ സംബന്ധിച്ച ഒരു സൂചനയും ഇവരിൽ നിന്നും ലഭിച്ചിട്ടില്ല. എന്നാൽ പോലീസിന് ചില സൂചനകൾ ലഭിച്ചതായാണ് വിവരം. പോലീസ് നായയെ കൊണ്ടുവന്ന് നടത്തിയ പരിശോധനയിൽ മണംപിടിച്ച നായ ചില വീടുകളിൽ കയറിയതും സംഭവശേഷം ചിലർ സ്ഥലത്തു നിന്നും മുങ്ങിയതുമാണ് പോലീസ് അന്വേഷിക്കുന്നത്.
സംഭവം നടന്ന സ്ഥലത്തിനു സമീപത്തൊന്നും വീടുകളുമില്ല. പീഡനത്തിനിരയായ ശേഷം അല്പം അകലെയുള്ള വീട്ടിൽ ഇവർ രണ്ടോടെയെത്തി വാതിലിൽ തട്ടിവിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതേത്തുടർന്ന് തൊട്ടടുത്ത ദിവസമാണ് ഇവരെ നാട്ടുകാരുടെ സഹകരണത്തോടെ ആശുപത്രിയിൽ എത്തിച്ചത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഡോ. സതീഷ് ബിനോ അടൂരിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. അന്വേഷണ ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും ശാസ്ത്രീയ തെളിവുകൾ കൂടി നിരത്തി പ്രതികളെ എത്രയും വേഗം വലയിലാക്കുന്നതിനുള്ള നിർദേശം നൽകുകയും ചെയ്തു.