കോലഞ്ചേരി: കോലഞ്ചേരിക്കടുത്ത് പാങ്കോട് ഇരുപ്പച്ചിറയിൽ എഴുപത്തിയഞ്ചുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ പോലീസ് സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.
കോലഞ്ചേരിയിലെ ഒരു ഡ്രൈവറെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പീഡന ശേഷം എഴുപത്തിയഞ്ചുകാരിയുടെ ശരീരമാസകലം മാരകായുധം ഉപയോഗിച്ച് അക്രമികൾ മുറിപ്പെടുത്തി.
വന്‍കുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റ എഴുപത്തിയഞ്ചുകാരിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. വൃദ്ധ വീട്ടില്‍ തനിച്ചായിരുന്ന സമയത്തായിരുന്നു പീഡനം.
രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നുപേരെ പുത്തൻകുരിശ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. വൃദ്ധയ്ക്ക് വന്‍കുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
കോലഞ്ചേരി മെഡിക്കൽ കോളജിലെ ഗൈനക്കോളജി, ജനറൽ മെഡിസിൻ, യൂറോളജി, അനസ്തേഷ്യ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആണ് വൃദ്ധയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയത്.
48 മണിക്കൂറിന് ശേഷം മാത്രമേ ഇവരുടെ ആരോഗ്യസ്ഥിതിയെ പറ്റി പറയാനാകയുള്ളൂ എന്ന് ഡോക്ടർമാർ പറഞ്ഞു. ഇന്നു രാവിലെ പത്തോടെ വനിതാ കമ്മീഷൻ അംഗവും പഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകരുമടങ്ങുന്ന സംഘം മെഡിക്കൽ കോളജിൽ ചികിൽസയിലുള്ള വൃദ്ധയെ സന്ദർശിച്ചു.