ജൊഹാനസ്ബർഗ്: വാലന്റൈൻ ദിനത്തിൽ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ദക്ഷിണാഫ്രിക്കൻ പാരാഅത്ലറ്റ് ഓസ്കർ പിസ്റ്റോറിയസിന്റെ തടവ് വീണ്ടും വർധിപ്പിച്ചു. മുന്പ് വിധിച്ച ആറു വർഷത്തെ തടവുശിക്ഷ 13 വർഷവും അഞ്ചു മാസവുമായാണ് ദക്ഷിണാഫ്രിക്കൻ കോടതി കൂട്ടിയത്.
കൊലപാതകക്കേസിൽ 15 വർഷം തടവ് ശിക്ഷ വിധിക്കാറുണ്ടെങ്കിലും അംഗപരിമിതിയും വിചാരണയിലുണ്ടായ കാലതാമസവും പരിഗണിച്ച് 6 വർഷത്തെ ശിക്ഷയാണ് പിസ്റ്റോറിയസിനു കോടതി വിധിച്ചത്. എന്നാൽ പിസ്റ്റോറിയസിനോടുള്ള കോടതിയുടെ മൃദുസമീപനം ഞെട്ടിക്കുന്നതാണെന്ന് കാട്ടി സർക്കാർ കോടതിയിൽ വീണ്ടും ഹർജി നൽകുകയായിരുന്നു. ഇതേതുടർന്നാണ് അപ്പീൽ പരിഗണിച്ച കോടതി ശിക്ഷ ഉയർത്തിയത്. വിധികേൾക്കാൻ പിസ്റ്റോറിയസ് കോടതിയിലെത്തിയില്ല.
ദുരന്തമായ പ്രണയദിനം
2013ലെ പ്രണയദിനത്തിൽ ദിനത്തിൽ പിസ്റോറിയസിനു സമ്മാനവുമായാണ് റീവ എത്തിയത്. വീട്ടിലെ കുളിമുറിയിൽ ഒളിച്ചിരുന്ന റീവയെ പിസ്റ്റോറിയസ് വെടിവയ്ക്കുകയായിരുന്നു. അടച്ചിട്ട കുളിമുറിക്കു പുറത്തുനിന്ന് നാലു തവണയാണ് പിസ്റ്റോറിയസ് വെടിവച്ചത്. കൊലപാതകം പിസ്റ്റോറിയസ് സമ്മതിച്ചുവെങ്കിലും, മോഷ്ടാവാണെന്നു തെറ്റിദ്ധരിച്ചാണെന്നും വെടിവച്ചു കൊല്ലാൻ ഒരു കാരണവുമില്ലെന്നും ആരോ മുറിയിൽ കയറിയെന്നു തെറ്റിദ്ധരിച്ച്, ജീവഭയത്താൽ വെടിവച്ചുവെന്നുമായിരുന്നു പിസ്റ്റോറിയസ് മൊഴി നൽകിയിരുന്നത്.
2012ലെ ലണ്ടൻ ഒളിന്പിക്സിൽ അത്ലറ്റിക്സ് പൊതുവിഭാഗത്തിൽ മത്സരിച്ച ആദ്യ പാരാലിന്പ്യൻ താരമാണ് പിസ്റ്റോറിയസ്. കൊല്ലപ്പെട്ട റീവ സ്റ്റീൻകാന്പ് ലോകത്തെ അറിയപ്പെടുന്ന മോഡലാണ്. നിയമ ബിരുദധാരിയായ റീവ സ്ത്രീ വിമോചക പ്രവർത്തകകൂടിയായിരുന്നു.
മനസ്ഥൈര്യം അഥവാ പിസ്റ്റോറിയസ്
ഇരുകാലുകളുടെയും മുട്ടിനു താഴെ ദുർബലമായ എല്ലുകളോടെയാണ് പിസ്റ്റോറിയസിന്റെ ജനനം. പതിനൊന്നാം വയസിലാണ് അദ്ദേഹത്തിന്റെ ഇരുകാലുകളും മുറിച്ചുമാറ്റിയത്. കായികരംഗത്തോട് ചെറുപ്പം മുതലേ ആഭിമുഖ്യം പുലർത്തിയിരുന്ന പിസ്റ്റോറിയസ് കായികരംഗത്തെ അത്ഭുതമായി മാറുന്നകാഴ്ചയാണു പിന്നീടു ലോകം കണ്ടത്. സ്പ്രിന്റ് ഇനങ്ങളിൽ പ്രതിഭ തെളിയിച്ച പിസ്റ്റോറിയസ് ഓടാനായി ഉപയോഗിച്ച കൃത്രിമ ബ്ളേഡുകളാണ് അദ്ദേഹത്ത ബ്ളേഡ് റണ്ണർ എന്ന വിളിപ്പേരിന് അർഹനാക്കിയത്.
പാരാലിന്പിക്സിലെ സ്ഥിരം സാന്നിധ്യമായിരുന്ന പിസ്റ്റോറിയസിന്റെ വലിയ ആഗ്രഹമായിരുന്നു കാലുള്ളവർക്കൊപ്പം ഒളിന്പിക്സിൽ മത്സരിക്കുക എന്നത്. അതിനു വേണ്ടി അദ്ദേഹം നടത്തിയ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുന്നത് ദക്ഷിണകൊറിയയിലെ ദേയ്ജുവിൽ നടന്ന ലോകചാന്പ്യൻഷിപ്പിലാണ്. പിന്നീട് 2012ൽ ലണ്ടൻ ഒളിന്പിക്സിലും അദ്ദേഹം കാലുള്ളവർക്കൊപ്പം മത്സരിക്കാനുള്ള യോഗ്യത നേടി. അതാകട്ടെ കായികരംഗത്തെ പ്രത്യേക കോടതിയുടെ അനുമതിയോടെയും.
കൃത്രിമക്കാലുകളുമായി 400 മീറ്റർ ഓട്ടത്തിൽ സെമിയിൽക്കടന്ന് പിസ്റ്റോറിയസ് ചരിത്രം കുറിച്ചു. കാർബണ് ഫൈബർ ബ്ളേഡുകൾ കാലിൽ ഘടിപ്പിച്ചാണ് പിസ്റ്റോറിയസ് ഓടുന്നത്. ബെയ്ജിംഗ് പാരാലിന്പിക്സിൽ, മൂന്ന് സ്വർണമെഡലുകളാണ് പിസ്റ്റോറിയസ് നേടിയത്; 100, 200, 400 മീറ്റർ ഇനങ്ങളിൽ. ഈ മൂന്നിനങ്ങളിലും വികലാംഗരുടെ ലോക റിക്കാർഡും പിസ്റ്റോറിയസിന്റെ പേരിലാണ്.