ഒറ്റപ്പാലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം തടവിൽ പാർപ്പിച്ച് ലഹരിമരുന്നു നൽകി പീഡിപ്പിച്ച സംഭവത്തിൽ പോലീസ് 14 കേസുകൾ രജിസ്റ്റർ ചെയ്തു.
രണ്ടു മാസത്തിലധികമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട പതിനേഴുകാരി നൽകിയ മൊഴി പ്രകാരമാണു 14 പോക്സോ കേസുകൾ റജിസ്റ്റർ ചെയ്തത്. സംസ്ഥാനത്തെ നാലു ജില്ലകൾ കേന്ദ്രീകരിച്ചാണു പീഡനങ്ങൾ നടന്നത്.
രണ്ടു മാസത്തിനിടെയാണു പെണ്‍കുട്ടിയെ പലരും ചേർന്ന് മയക്കുമരുന്നു നൽകി പീഡിപ്പിച്ചത്. തിരുവനന്തപുരത്തുനിന്നാണു കുട്ടിയെ പോലീസ് മോചിപ്പിച്ചത്.
പീഡനങ്ങൾ നടന്നതായി പറയുന്ന പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളിലേക്കു തുടരന്വേഷണത്തിനു കേസുകൾ റഫർ ചെയ്യുമെന്ന് ഒറ്റപ്പാലം പോലീസ് അറിയിച്ചു.
ലഹരിമാഫിയയിൽനിന്നു രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ മൊഴി പ്രകാരമാണു പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
അന്തർ സംസ്ഥാന ലഹരി മാഫിയ സംഘമാണു പെണ്‍കുട്ടിയെ വർഷങ്ങളോളം തടവിൽ പാർപ്പിച്ചതെന്നും, ലൈംഗികമായി ദുരുപയോഗം ചെയ്തതെന്നുമാണു പോലീസിന് ആദ്യം ലഭിച്ച വിവരം.
ഒറ്റപ്പാലം പാലപ്പുറം സ്വദേശിനിയാണു ലഹരിമാഫിയ സംഘത്തിന്റെ തടവിൽ രണ്ടു മാസത്തിലധികം കഴിച്ചുകൂട്ടിയത്. കുട്ടിയെ ഉപയോഗിച്ച് അന്തർ സംസ്ഥാനതലത്തിൽ മയക്കുമരുന്നുകടത്തിയതായും വിവരം ലഭിച്ചിരുന്നു.