തലശേരി: പാലത്തായി പീഡനക്കേസിൽ പെൺകുട്ടി നാല് തവണ നൽകിയ മൊഴികളിൽ നാല് സംഭവങ്ങൾ. കേസ് അട്ടിമറിക്കാൻ മുൻ അന്വേഷണ ഉദ്യാഗസ്ഥനായ സിഐ ആദ്യഘട്ടങ്ങളിൽ നടത്തിയ ആസൂത്രിത നീക്കമാണ് പെൺകുട്ടിയുടെ മൊഴികളിലെ വൈരുധ്യങ്ങളിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്ന് സംശയിക്കുന്നതായും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ സൂചന നൽകി.
പെൺകുട്ടിയുടെ മൊഴിക്ക് വിരുദ്ധമായിട്ടുള്ള കോൾ ഡീറ്റയിൽസ് റെക്കോർഡ് (സിഡിആർ) ഉൾപ്പെടെയുള്ള രേഖകൾ ഹൈക്കോടതിയുടെ മുന്നിലും മുൻ അന്വേഷണ ഉദ്യാഗസ്ഥരുടെ കൈയിലുമുള്ള സാഹചര്യത്തിൽ പെൺകുട്ടിയുടെ മൊഴി വീണ്ടും മജിസ്ട്രേറ്റ് തലത്തിൽ രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.
164 പ്രകാരം മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ മൊഴികളിലും എഫ്ഐആർ സ്റ്റേറ്റ്മെന്റിലും 161 പ്രകാരം അന്വേഷണസംഘം രേഖപ്പെടുത്തിയ മൊഴികളിലും വ്യത്യസ്ത സംഭവങ്ങളാണുള്ളത്.
സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ നേരിട്ട ഉദ്യോഗസ്ഥനെ ഈ കേസ് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയതാണ് ഇന്നത്തെ വിവാദങ്ങളിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്ന റിപ്പോർട്ടും ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.
എഫ്ഐആറിൽ ജനുവരി നാലു മുതൽ 14 വരെ പല ദിവസങ്ങളിൽ പീഡിപ്പിച്ചുവെന്നാണ് മൊഴി. എന്നാൽ ഈ ദിവസങ്ങളിൽ സഹോദരിയുടെ ഹൃദയശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് പ്രതി പത്മരാജൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ഉള്ളതായി സിഡിആറും സെക്യൂരിറ്റി പാസും ജീവനക്കാരുടെ മൊഴിയും ഉൾപ്പെടെ തെളിവുകളുള്ളതിനാൽ ഈ വാദം നിലനിൽക്കില്ലെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പീഡനത്തിനിരയായ 10 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ അതിജീവിത എന്ന പേരിലാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. നാളിതുവരെ 62 സാക്ഷികളെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി.
സയന്റിഫിക് അസിസ്റ്റന്റിന്റെ സാന്നിധ്യത്തിൽ സംഭവസ്ഥലം പരിശോധിച്ചു. സ്കൂളിലെ അഡ്മിഷൻ രജിസ്റ്റർ, ടൈംടേബിൾ രജിസ്റ്റർ, കാഷ്വൽ ലീവ് രജിസ്റ്റർ, സ്കൂൾ അഡ്മിഷൻ എക്സ്ട്രാക്ട് സർട്ടിഫിക്കറ്റ്, സംഭവസ്ഥലത്തിന്റെ ഫോട്ടോകൾ, പെൺകുട്ടിയുടെയും പ്രതിയുടെയും ഫോട്ടോ,
സംഭവം നടന്ന തീയതി സ്കൂളിൽ നടന്ന പരിപാടികളുടെ ഫോട്ടോ, എൽഎസ്എസ് രജിസ്റ്റർ എന്നിവ മഹസർ പ്രകാരം ബന്തവസിൽ എടുത്തതായി അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യങ്ങൾ ഹൈക്കോടതിയിലും സമർപ്പിച്ചിട്ടുണ്ട്.
ആദ്യസംഭവം നടന്നത്..
പെൺകുട്ടിയുടെ മാർച്ച് 17ലെ എഫ്ഐആർ മൊഴി പ്രകാരം ആദ്യസംഭവം നടന്നത് ജനുവരി 15ന് മുന്പുള്ള ഒരു ദിവസം ഉച്ചയ്ക്ക് ചോറുണ്ണാൻ വിട്ട സമയത്തായിരുന്നുവെന്നും അന്ന് ശുചിമുറിയിൽ കൂട്ടുകാരിയുടെ കൂടെ നിൽക്കുന്പോൾ പ്രതി അവിടേക്ക് വന്ന് കൂട്ടുകാരിയോട് ക്ലാസിൽ പോകാൻ പറഞ്ഞശേഷം പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പറയുന്നത്.
എന്നാൽ, അന്വേഷണത്തിൽ സംഭവസ്ഥലത്തെ ശുചിമുറി സ്ഥിതി ചെയ്യുന്നത് ഓപ്പൺ സ്റ്റേജിൽ പ്രവർത്തിക്കുന്ന അഞ്ചാം ക്ലാസ് എ ഡിവിഷനിൽ നിന്ന് 2.45 മീറ്റർ മാത്രം ദൂരത്തിലാണെന്ന് മനസിലായി. ഈ ക്ലാസിലെ കുട്ടികൾ ശുചിമുറിക്ക് അഭിമുഖമായിട്ടാണ് ഇരിക്കുന്നത്. ഈ ഭാഗത്ത് ജനലിന് വാതിലുകളില്ല.
ശുചിമുറിയിലേക്ക് പോകുന്നവരെയും വരുന്നവരെയും കാണാൻ സാധിക്കും. ശുചിമുറിക്ക് അകത്ത് നിന്ന് പൂട്ടുന്നതിന് കുറ്റിയില്ല. ഒരേസമയം അഞ്ചുപേർക്ക് ഉപയോഗിക്കാൻ കഴിയുന്ന കന്പാർട്ടുകളായി തിരിച്ച മൂത്രപ്പുരയാണിത്.
കുട്ടികൾ ഗ്രൂപ്പായി വരികയും ഒന്നോ രണ്ടോ കുട്ടികൾ വാതിൽ അകത്തുനിന്ന് വലിച്ചു പിടിച്ചോ പുറത്തുനിന്നോ തള്ളിപ്പിടിച്ചോ ആണ് ശുചിമുറി ഉപയോഗിക്കുന്നതെന്ന് സാക്ഷിമൊഴികളിൽ നിന്ന് വ്യക്തമാണ്. അതുകൊണ്ട് വാതിൽ അകത്തുനിന്ന് കുറ്റിയിട്ടു എന്ന വാദം നിലനിൽക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മാത്രമല്ല, വാതിലിന് മുക്കാൽ ഭാഗത്തോളം മാത്രമേ ഉയരമുള്ളൂ. മുതിർന്ന ആൾ അകത്തുണ്ടെങ്കിൽ വാതിലിന് മുകൾഭാഗത്ത് കൂടി അയാളുടെ ചുമൽ മുതൽ മുകളിലോട്ട് പുറത്തുള്ളവർക്ക് കാണാൻ കഴിയും. 53 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിൽ 435 കുട്ടികളും 25 അധ്യാപകരുമുണ്ട്.
പ്രീപ്രൈമറി ക്ലാസിലെ ഒഴികെയുള്ള കുട്ടികൾ ഉപയോഗിക്കുന്നത് സംഭവസ്ഥലത്തെ ശുചിമുറിയാണ്. ഈ സാഹചര്യത്തിൽ പരാതിയിൽ പറയുന്ന പ്രകാരം ഉച്ചഭക്ഷണ സമയത്ത് പ്രതിക്ക് സംഭവസ്ഥലത്തെ ശുചിമുറിയിൽ വച്ച് പരാതിയിൽ പറയുന്ന പ്രകാരം ചെയ്യാൻ സാധിക്കുകയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
(തുടരും)