പന്തളം: വീട്ടമ്മയെ മാനഭംഗപ്പെടുത്തി വീഡിയോ പകര്‍ത്തിയെന്ന പരാതിയില്‍ പന്തളം പോലീസിന്റെ നടപടികളില്‍ ദുരൂഹത. കേസിലെ രണ്ടാം പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തെങ്കിലും ഒന്നാം പ്രതിയെ സംബന്ധിച്ച് പോലീസിന് ഒരു രൂപവുമില്ല. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കുറ്റം ചുമത്തപ്പെട്ട പന്തളം മങ്ങാരം സ്വദേശി മെബിനാണ് അറസ്റ്റിലായത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡും ചെയ്തിരുന്നു. ഒന്നാം പ്രതിയാരെന്നതിന് പോലീസിന് ഉത്തരമില്ലാത്തതാണ് ദുരൂഹതയുയര്‍ത്തുന്നത്. ഇയാള്‍ ഒളിവിലാണെന്ന് മാത്രമാണ് പോലീസ് പറയുന്നത്.ജൂണ്‍ 13ന് വൈകുന്നേരം നാലിനാണ് കേസിനാസ്പദമായ സംഭവം.
വീട്ടമ്മ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വച്ചാണ് മാനഭംഗം നടന്നതെന്നാണ് പരാതി. ക്രൂരമായ മാനഭംഗമാണ് നടന്നതെന്ന് പോലീസ് തന്നെ പറയുന്നുെങ്കിലും ഒന്നാം പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങളില്‍ പോലീസ് അലംഭാവം കാട്ടുന്നെന്നാണ് ആരോപണം. മെബിന്, കേസില്‍ നിരപരാധിയാണെന്നാണ് ബന്ധുക്കളുടെ ബലമായ പരാതി.
അതുകൊണ്ട് തന്നെ തിരിച്ചറിയല്‍ പരേഡ് അടക്കം നടത്തിയ ശേഷമാണ് രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് ഭാഷ്യം. ജൂലൈ 19നാണ് മെബിനെ കസ്റ്റഡിയിലെടുക്കുന്നത്. മെബിന്റെ പേരില്‍ കൊറിയര്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞാണ് പോലീസ് വിളിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
പിന്നീട് ബൈക്കില്‍ വീട്ടിലെത്തിയ രണ്ട് പോലീസുകാര്‍ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോയത്രെ. എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തതെന്ന് അറിയുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.