പരിയാരം: ഡോര്‍ ടു ഡോര്‍ ഡെലിവറി സംഘാംഗമായ യുവതിയെ മാനഭംഗപ്പടുത്താന് ശ്രമിച്ച രണ്ടംഗസംഘത്തെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. യുവതി നല്കിയ സൂചനകള്‍ പ്രകാരം ഇന്നലെ ആറ് ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.
പരിയാരം പുത്തൂര്‍കുന്നിലെ വിജനമായ സ്ഥലത്തുവെച്ചാണ് സംഭവം നടന്നത്. തളിപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് കീഴില്‍ ഡോര്‍ ടു ഡോര്‍ വ്യാപാരം നടത്തുന്ന യുവതിയാണ് മാനഭംഗത്തിനിരയായതെന്ന് പോലീസ് പറഞ്ഞു. യുവതി നടന്നുപോകുമ്പോള്‍ പിന്നാലെ വന്ന സംഘം നീ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വേണ്ടി നടക്കുന്ന സംഘത്തിലെ അംഗമല്ലേ എന്ന് ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവത്രേ.
വിജനമായ റബര്‍ തോട്ടത്തിന് സമീപമെത്തിയപ്പോഴാണ് അവിടെ റോഡരികില്‍ കാത്തുനിന്ന ഇവര്‍ ബാഗിലെ സാധനങ്ങള്‍ കാണണമെന്നാവശ്യപ്പെട്ട് യുവതിയെ വീണ്ടും പിടിച്ചുനിര്‍ത്തുകയും ബലമായി ബൈക്കില്‍ കയറ്റാനും ശ്രമിച്ചത്. കുതറിമാറാന്‍ ശ്രമിച്ചപ്പോഴാണ് ചുരിദാര്‍ വലിച്ചുകീറിയത്. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയിലാണ് യുവതി ഏറെ ദൂരം ഓടി ഒരു വീട്ടില്‍ അഭയം തേടിയത്.
വീട്ടുകാര്‍ വിവരമമറിയിച്ചത് പ്രകാരം എത്തിയ പരിയാരം എസ് ഐ കെ.രമേശന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. യുവതിയോടൊപ്പമുണ്ടായിരുന്ന വില്‍പ്പന സംഘത്തിലെ പെണ്‍കുട്ടി ഒരു വീട്ടില്‍ വില്പനക്ക് കയറിയതോടെയാണ് യുവതി മറ്റൊരു വീടന്വേഷിച്ച് നടന്നത്. ഇതിനിടയിലായിരുന്നു അക്രമശ്രമം. പോലീസ് പെണ്‍കുട്ടിയെ വിശദമായി ചോദ്യംചെയ്ത് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. പ്രദേശത്തെ രണ്ട് സിസിടിവി കാമറകളും പോലീസ് പരിശോധിക്കുന്നുണ്ട്.