തൃശൂർ:തൃശൂർ: പീച്ചിയിൽ പതിമൂന്ന് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. സാൽവേഷൻ ആർമി ചർച്ച് പാസ്റ്റർ സനിൽ പി. ജയിംസിനാണ് തൃശൂർ പോക്സോ കോടതി ശിക്ഷ വിധിച്ചത്. സമാന കേസിൽ 40 വർഷം തടവിനു ശിക്ഷിക്കപ്പെട്ടയാളാണ് ഇയാൾ.
2013 മുതൽ 15 വരെ സാൽവേഷൻ ആർമി ചർച്ചിൽവച്ചും പാസ്റ്ററുടെ ഒൗദ്യോഗിക വസതിയിൽ വച്ചും പലവട്ടം പെണ്‍കുട്ടിയെ ബലാത്സംഗത്തിനു വിധേയമാക്കിയെന്നാണ് കേസ്. സ്കൂളിലെ ടീച്ചറോടു കുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന വിവരം പീച്ചി പോലീസിൽ അറിയിക്കുകയും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
തൃശൂർ പോക്സോ സെഷൻസ് ജഡ്ജിയാണ് പ്രതി കുറ്റക്കാരനെന്നു വിധിച്ചത്. പെണ്‍കുട്ടിയുടെ കൂട്ടുകാരിയും സഹപാഠിയുമായ മറ്റൊരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് ഇയാൾ നേരത്തെ നാല്പതു വർഷം തടവിനു ശിക്ഷിക്കപ്പെട്ടത്. ശിക്ഷ വിയ്യൂർ സെൻട്രൽ ജയിലിൽ അനുഭവിച്ചുവരികയാണ്.