പാട്ന: ഗംഗയിൽ കുളിക്കവേ യുവതി കൂട്ടമാനഭംഗത്തിന് ഇരയായി. ഞായറാഴ്ചയാണ് രാജ്യത്തെ നടുക്കിയ സംഭവം. യുവതിയെ മാനഭംഗത്തിനിരയാക്കിയതിനു ശേഷം സംഘം ബലാത്സംഗ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ചൊവ്വാഴ്ചയാണ് വിവരം പുറത്തറിയുന്നത്.
ഇരയായ യുവതി പരാതി നൽകിയില്ലെങ്കിലും വീഡിയോ പ്രചരിച്ചതോടെ പോലീസ് കേസേടുക്കുകയായിരുന്നു. സംഭവത്തിൽ ശിവ്പൂജൻ മഹ്തോ, വിശാൽ എന്നിവരെയാണ് പിടികൂടിയത്. ഗംഗാ നദിയിൽ കുളിച്ച് കൊണ്ടിരുന്ന യുവതിയെ സംഘം ആക്രമിക്കുന്നതായി വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. വീഡിയോ ചിത്രീകരിച്ച ഫോണ് പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
സംഭവം വിദേശ മാധ്യമങ്ങളിലും വൻ വാർത്ത പ്രധാന്യം നേടിയിട്ടുണ്ട്. കുളിച്ചുകൊണ്ടിരുന്ന യുവതിയെ രണ്ടുപേർ ചേർന്ന് വലിച്ചിഴച്ച് കരയിലെത്തിച്ച്മാനഭംഗപ്പെടുത്തുകയായിരുന്നു. കുട്ടികൾക്കായി താൻ ഉപവസിക്കുകയാണെന്നും ഗംഗാനദിയുടെ പവിത്രത കണക്കിലെടുത്ത് തന്നെ ഉപദ്രവിക്കരുതെന്നും യുവതി അപേക്ഷിക്കുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്.
എന്നാൽ അക്രമികൾ ശബ്ദിക്കരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം യുവതിയെ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിന് ശേഷം വാട്സ് ആപ്പിൽ കൂടെയാണ് വീഡിയോ കൂടുതലും പ്രചരിച്ചത്. ഡ്രൈവറായ ശിവ്പൂജൻ മഹ്തോയെ പോലീസ് അറസ്റ്റു ചെയ്യുന്പോൾ പ്രായപൂർത്തിയാകാത്ത ഒരു പെണ്കുട്ടി ഒപ്പമുണ്ടായിരുന്നു.