പയ്യന്നൂര്‍: യുവാവിനൊപ്പം ബൈക്കില്‍ പോകവേ മാനഭംഗ ശ്രമം. യുവാവിനെതിരെ പോലീസ് കേസെടുത്തപ്പോൾ ആത്മഹത്യാ ഭീഷണിയുമായി യുവാവ് നാടുവിട്ടു.
പെരിങ്ങോം പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന 36 കാരിയാണ് മാനഭംഗ ശ്രമത്തിനിടെ ബൈക്കില്‍നിന്നും ചാടിയത്.കഴിഞ്ഞ തിങ്കളാഴ്ച രാത്രി എഴോടെയാണ് സംഭവം. യുവതിയുടെ പരാതിയില്‍ ചീമേനി അത്തുട്ടി സ്വദേശിയും അവിവാഹിതനും 36 കാരനുമായ യുവാവിനെതിരെയാണ് പെരിങ്ങോം പോലീസ് കേസെടുത്തത്.
പരിചയം നടിച്ച് അടുത്ത് കൂടി വീടിന് സമീപം ഇറക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ബൈക്കില്‍ കയറ്റിയതെന്നും സ്വാമിമുക്കിന് സമീപമെത്തിയപ്പോള്‍ യുവാവ് മാനഭംഗമപ്പടുത്താന് ശ്രമിച്ചെന്നും ബൈക്കില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് യുവതി പെരിങ്ങോം പോലീസിന് നല്കിയ പരാതി.
പരാതിയില്‍ കേസെടുത്ത പെരിങ്ങോം പോലീസ് യുവാവിന്റെ ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് പറഞ്ഞ യുവാവ് ബൈക്ക് കസ്റ്റഡിയിലെടുത്തതോടെ താന്‍ അത്മഹത്യചെയ്യുമെന്ന ഭീഷണിയുമായി സ്ഥലം വിട്ടതായാണ് വിവരം. സാധ്യമായ സ്ഥലങ്ങളിലെല്ലാം പോലീസ് അന്വേഷണം നടത്തിയിട്ടും യുവാവിനെ കണ്ടെത്താനായില്ല എന്നുമറിയുന്നു.