പാലക്കാട്: ജില്ലയിൽ പോക്സോ കേസുകളുടെ എണ്ണം വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിൽ ഇരകളാകുന്ന കുട്ടികൾക്ക് സംരക്ഷണമൊരുക്കാൻ ഭരണകൂടം തയാറാകണമെന്ന് പെണ്‍കൂട്ടായ്മ. പീഡനങ്ങൾക്കെതിരേ പെണ്‍പ്രതിരോധം’ എന്ന പേരിൽ സംസ്കാര സാഹിതി ജില്ലാകമ്മറ്റിയാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
ഒലവക്കോടുള്ള നിർഭയകേന്ദ്രത്തിൽ 30 കുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യമേയുള്ളു. ഈവർഷം ഏപ്രിൽ ആയപ്പോഴേക്കും റിപ്പോർട്ട് ചെയ്യപ്പെട്ട പോക്സോ കേസുകളുടെ എണ്ണം 180 കടന്നു. രക്ഷിതാക്കൾ ഉൾപ്പെടെ പ്രതികളാവുന്ന കേസുകളിൽ മികച്ച മാനസികാരോഗ്യം കൗണ്‍സിലിംഗിലൂടെ ഇരകൾക്ക് നല്കിയെങ്കിൽ മാത്രമേ പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സാധിക്കുകയുള്ളു.
തിയേറ്റർ പീഡനമുൾപ്പടെയുള്ള ബാലപീഡനങ്ങളും വർധിച്ചുവരുന്ന സ്ത്രീ പീഡനങ്ങൾക്കെതിരേയുമായിരുന്നു പെണ് പ്രതിരോധവലയം തീർത്തത്. ജില്ലയിൽ ഭീതിജനകമായ തരത്തിൽ ഉയരുന്ന പോക്സോ കേസുകളിൽ അകപ്പെടുന്ന പ്രതികളുടെ സാമൂഹിക മാനസികാവസ്ഥ സംബന്ധിച്ച് പഠനം നടത്താൽ ജില്ലാ ഭരണകൂടം തയാറാകണം.
കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ 469 കേസുകളാണ് പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് എഗൈൻസ്റ്റ് സെക്ഷ്വൽ ഒഫൻസ് നിയമത്തിന് കീഴിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്പീഡനങ്ങൾക്കു മുന്നിൽ സ്ത്രീകൾ പതറിയിരുന്ന കാലഘട്ടം അസ്തമിച്ചുവെന്നും പീഡകരെ നിയമത്തിനു മുന്നിലെത്തിക്കാൻ തന്േറടമുള്ളവരായി സ്ത്രീസമൂഹം മാറ്റം ചെയ്യപ്പെട്ടുവെന്ന ഉറച്ച പ്രഖ്യാപനവുമായാണ് പെണ്‍കൂട്ടായ്മ അവസാനിച്ചത്.
ഗീതമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലറും സാമൂഹ്യ പ്രവർത്തകയുമായ പ്രിയ വെങ്കിടേഷ് ഉദ്ഘാടനം ചെയ്തു. ശുഭലക്ഷ്മി ടീച്ചർ, റാണി.വി, ഇന്ദു മാരാത്ത്, ആർ.നിരജ്ഞന, വിസ്മയ വിജയകുമാർ, പ്രേമ എന്നിവർ പ്രസംഗിച്ചു.