സിംജോ കൈപ്പറന്പ്
പേരാമംഗലം: പേരാമംഗലം പീഡനക്കേസിൽ അറസ്റ്റിലായ പ്രതികൾ കൂടൂതൽ പെണ്‍കുട്ടികളെ ഇരകളാക്കിയിരുന്നുവെന്ന് സൂചന. അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്നും രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളോട് കൂടുതൽ സംസാരിച്ചതിനെ തുടർന്നുമാണ് പോലീസിന് ഇതു സംബന്ധിച്ച വ്യക്തമായ സൂചനകൾ ലഭിച്ചത്. കേസിൽ പിടിയിലാകാനുള്ള മൂന്നു പ്രതികൾക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ടെന്ന് ഗുരുവായൂർ എസിപി പറഞ്ഞു.
പ്രായപൂർത്തിയാകാത്ത രണ്ടു വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ പത്തുപേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇവരെ പോലീസ് കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷനൽകിയിട്ടുണ്ട്. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇവരെ കസ്റ്റഡിയിൽ കിട്ടി ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
വലിയൊരു സെക്സ് റാക്കറ്റായി രൂപാന്തരപ്പെടുമായിരുന്ന സംഘത്തെയാണ് തുടക്കത്തിൽ തന്നെ പിടികൂടി ഇല്ലാതാക്കാൻ സാധിച്ചതെന്ന് പോലീസ് പറയുന്നു. സാന്പത്തികമായി പിന്നോക്കമുള്ള കുടുംബത്തിലെ പെണ്‍കുട്ടികളെയാണ് ഇവർ നോട്ടമിട്ടിരുന്നത്. ആരും അധികം ശ്രദ്ധിക്കാനില്ലാത്ത കുട്ടികളായിരുന്നു ഇരകളാക്കപ്പെട്ടവർ.
ഇത്തരം സാഹചര്യങ്ങൾ മുതലാക്കി ചൂഷണം ചെയ്യുന്നവരായിരുന്നു സംഘത്തിലുണ്ടായിരുന്നവർ. എന്നാൽ ഇവർ പലരും പലസമയത്തായി ഈ കേസിൽ ഒത്തുവന്നവരാണ്. ഇപ്പോൾ പോലീസ് പിടിയിലായില്ലായിരുന്നുവെങ്കിൽ ഇവർ ഇത്തരത്തിൽ കൂടുതൽ കേസുകളിലേക്ക് പോകുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ചെന്പുക്കാവ് പടപ്പറന്പിൽ സോണി (23), മുക്കാട്ടുകര പൂവൻപറന്പിൽ അഭിരാം (19), നല്ലങ്കര പള്ളത്തുപറന്പിൽ അഖിൽകുമാർ (19), മുളയം പൊഴിയിൽ ജെറോം ജോണ്‍ (18), ഒല്ലൂർ പടവരാട് അക്കരപ്പുറം വീട്ടിൽ നെയ്സണ്‍ (26), നല്ലങ്കര പള്ളത്തുപറന്പിൽ അനിൽകുമാർ (26), എടക്കളത്തൂർ പോന്നോർ രോഹിത് (21), അരണാട്ടുകര ബ്രഹ്മകുളം വീട്ടിൽ റിനൂസ് (22), ചേർപ്പ് കരിപ്പേരി വീട്ടിൽ സനു (22), നല്ലങ്കര കേളംപറന്പിൽ വീട്ടിൽ ആശേഷ് (18) എന്നിവരാണ് റിമാൻഡിൽ കഴിയുന്നത്. പിടിയിലായവരിൽ അഭിരാം, സോണി, അഖിൽകുമാർ എന്നിവരാണ് സംഘത്തിലെ പ്രധാനികൾ. മറ്റുള്ളവർ ഇവർക്കു സഹായങ്ങൾ ചെയ്തു നല്കിയവരാണ്.
പ്രതികളെല്ലാം നഗരത്തിലും പരിസരത്തുമുള്ള വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും മെക്കാനിക്കുകളും മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളുമാണ്. തേക്കിൻകാട് മൈതാനിയിൽ വച്ച് പരിചയപ്പെട്ട പെണ്‍കുട്ടികളെ പ്രതികൾ സ്നേഹം നടിച്ച് പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവത്രെ. പാർക്കിലും മറ്റും ചുറ്റിനടന്ന് പെണ്‍കുട്ടികളോടു സൗഹൃദം നടിച്ച് അടുത്തുകൂടി ഫോണ്‍ നന്പർ വാങ്ങുന്നത് ഇവരുടെ രീതിയാണെന്നു പോലീസ് പറഞ്ഞു.
ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടികളെ കാണാതായതിനെതുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് പ്രതികൾ കുടുങ്ങിയത്. ഗുരുവായൂർ എസിപി പി.എ. ശിവദാസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കാണാതായ പെണ്‍കുട്ടികൾ നഗരത്തിലെ ആശുപത്രി പരിസരത്തുണ്ടെന്നു പോലീസ് കണ്ടെത്തുകയായിരുന്നു. ഇവിടെയെത്തിയ പോലീസ് പെണ്‍കുട്ടികൾക്കൊപ്പം മൂന്നു യുവാക്കളെയും പിടികൂടി. ഇവരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തിലെ മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പോക്സോ നിയമത്തിനു പുറമെ തട്ടിക്കൊണ്ടു പോകൽ, അനുമതിയില്ലാതെ ലൈംഗിക ചൂഷണം, ഹരിജനപീഡനം എന്നിവയ്ക്കാണ് കേസെടുത്തിട്ടുള്ളത്.
ഹോസ്റ്റലിലെ കുട്ടികളെ നോട്ടമിടുന്ന റാക്കറ്റ്
ദൂരെ ദിക്കുകളിൽ നിന്നും വന്ന് തൃശൂരിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന പെണ്‍കുട്ടികളെയാണ് ഈ റാക്കറ്റ് ലക്ഷ്യം വെച്ചിരുന്നത്. ഹോസ്റ്റലുകളിൽ താമസിച്ചു പഠിക്കുന്ന പെണ്‍കുട്ടികളുടെ രക്ഷിതാക്കളോട് പോലീസ് അതീവജാഗ്രത പാലിക്കണമന്ന് നിർദ്ദേശിച്ചിട്ടുണ്ട്. തങ്ങളുടെ മക്കൾ ഹോസ്റ്റലിൽ സുരക്ഷിതരാണെന്ന് വീട്ടിലുള്ളവർ കരുതുന്പോൾ മക്കൾ കുരുക്കുകളിൽ പെട്ടുപോകുന്നുവെന്ന് വൈകിയാണ് തിരിച്ചറിയുന്നത്.
കേരളത്തിലെ എഡ്യുക്കേഷണൽ ഹബ് എന്നറിയപ്പെടുന്ന തൃശൂരിൽ വിവിധ ജില്ലകളിൽ നിന്ന് നിരവധി പെണ്‍കുട്ടികളാണ് പഠനത്തിനും ഉപരിപഠനത്തിനുമൊക്കെയായി എത്തുന്നത്. ഭൂരിഭാഗം പേരുടെ കൈയിലും മൊബൈൽ ഫോണുമുണ്ട്. പേരാമംഗലം കേസിൽ തങ്ങളുടെ മക്കൾ ഹോസ്റ്റലിലുണ്ടെന്നാണ് വീട്ടുകാർ കരുതിയത്.
പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് ഹോസ്റ്റലിൽ നിന്നും പുറത്തിറക്കിയ പ്രതികൾ പെണ്‍കുട്ടികളോട് വീട്ടിലേക്കു പോകുന്നുവെന്നാണ് ഹോസ്റ്റലിൽ പറയേണ്ടതെന്ന് ചട്ടം കെട്ടിയിരുന്നു. ഇതുപ്രകാരം കുട്ടികൾ ഹോസ്റ്റലിൽ പറഞ്ഞത് തങ്ങൾ വീട്ടിലേക്ക് പോകുന്നുവെന്നാണ്. ഹോസ്റ്റലുകാർ ഇത് വിശ്വസിച്ചു. കുട്ടികൾ വീട്ടിലെത്തിയോ എന്ന് പരിശോധിക്കാൻ ഹോസ്റ്റൽ അധികൃതർ ശ്രദ്ധിച്ചതുമില്ല.
വീട്ടുകാർ കുട്ടികൾ ഹോസ്റ്റലിലാണെന്നും ഹോസ്റ്റലുകാർ കുട്ടികൾ വീട്ടിലെത്തിക്കാണുമെന്നും കരുതി. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന പെണ്‍കുട്ടികളെ വീട്ടുകാർ ദിവസവും ഫോണിൽവിളിച്ച് അന്വേഷിക്കണമെന്നും വീട്ടിലെക്കെന്നു പറഞ്ഞുപോകുന്ന കുട്ടികൾ വീട്ടിലെത്തിയോ എന്ന് ഹോസ്റ്റൽ അധികൃതരും അന്വേഷിക്കണമെന്ന് പോലീസ് എല്ലാ ഹോസ്റ്റൽ ഉടമകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.