ചാവക്കാട്: പതിനഞ്ചുകാരിയെ വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പത്തൊന്പതുകാരനു ജീവിതാവസാനംവരെയുള്ള ജീവപര്യന്തം തടവും 4.75 ലക്ഷം രൂപ പിഴയും.
മുല്ലശേരി ആനത്താഴത്ത് അതുലി(19)നെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി അന്യാസ് തയ്യില്‍ ശിക്ഷിച്ചത്. മറ്റു വകുപ്പുകളില്‍ വേറെ 15 വര്‍ഷം കഠിനതടവുകൂടി വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷവും നാലുമാസവുംകൂടി തടവ് അനുഭവിക്കണം.
2022-ലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ വീടിനുള്ളിലേക്ക് അതിക്രമിച്ചുകയറി അടുക്കളയില്വച്ചും ടെറസിന്റെ മുകളില്വച്ചും പലതവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന് കേസ്.
പാവറട്ടി എസ്ഐ എം.സി. റെജിക്കുട്ടി, ഇന്‍സ്പെക്ടര്‍ എം.കെ. രമേഷ് എന്നിവര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവര്‍ ഹാജരായി.