കണ്ണൂർ: മലപ്പുറം സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി കണ്ണൂരിലെ വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരേ കേസ്. കണ്ണൂർ മാങ്ങാട്ടുപറന്പ് കെഎപി നാലാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനും തളിപ്പറന്പ് ചെങ്ങളായി സ്വദേശിയുമായ ബഷീറിനെതിരേയാണ് കണ്ണൂർ വനിതാ പോലീസ് കേസെടുത്തത്. യുവതിയുടെ പരാതിയിൽ കണ്ണൂർ വനിതാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിവാഹ വാഗ്ദാനം നൽകിയ ശേഷം കണ്ണൂരിലും തലശേരിയിലുമുള്ള വിവിധ ഹോട്ടലുകളിൽ ബഷീർ തന്നെ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. കൂടാതെ ബഷീറിന്റെ സുഹൃത്തുക്കളായ രണ്ടുപേർ ഫോണിലൂടെ വിളിച്ച് തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
വധഭീഷണി മുഴക്കിയവരിൽ ഒരാൾ പോലീസുകാരനാണ്. ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ടാണ് യുവതിയുമായി പോലീസുകാരൻ ചങ്ങാത്തത്തിലായത്. കണ്ണൂർ എസ്പിക്ക് നൽകിയ പരാതി വനിതാ പോലീസിനു കൈമാറുകയായിരുന്നു. സിഐയുടെ നേതൃത്വത്തിലാണ് കേസന്വേഷണം.