കൊണ്ടോട്ടി: പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസുകളിൽ ഒളിവിലുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ശക്തമാക്കി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 31 പോക്സോ കേസുകളാണ് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്തത്.
കൊണ്ടോട്ടി സ്റ്റേഷൻ പരിധിക്ക് പുറത്തുനടന്ന ചൂഷണങ്ങൾ സംബന്ധിച്ച കേസ് അതത് സ്റ്റേഷനുകളിലേക്ക് മാറ്റിയിരിക്കുകയാണ്. 2012 മുതൽ കഴിഞ്ഞ സെപ്റ്റംബർ വരെ 31 പോക്സോ കേസുകളാണ് കൊണ്ടോട്ടി സ്റ്റേഷനിൽ രജിസ്റ്റർചെയ്തത്. എന്നാൽ ഒക്ടോബർ 10 മുതൽ കഴിഞ്ഞദിവസം വരെ മാത്രം 31 കേസുകളാണ് രജിസ്റ്റർചെയ്തത്.
വിവിധ പരാതികളിലായി ഇതുവരെ അഞ്ചു പേരെയാണ് പോലീസ് അറസ്റ്റുചെയ്തത്. മുക്കം സ്വദേശിയായ അധ്യാപകൻ മോഹൻദാസ് (35), വള്ളുവന്പ്രം സ്വദേശി അലവി (51), കരുവാങ്കല്ല് സ്വദേശി മൊയ്തീൻകുട്ടി, ഒഴുകൂർ ഉള്ളാട്ടുതൊടി ഫാസിൽ ( 27) മുസ്ലിയാരങ്ങാടി പുളിക്കത്തൊടി റസാഖ് (38) എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.
കൂടുതൽ ആളുകളെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവർക്കായി അന്വേഷണം ഉൗർജിതമാക്കിയതായും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ സ്കൂളുകളിൽ കൗണ്‍സലിംഗ് നടത്തിയതിനെത്തുടർന്നാണ് ആണ്‍കുട്ടികൾ നേരിടുന്ന ലൈംഗിക ചൂഷണം പുറത്തറിയാൻ തുടങ്ങിയത്.
തുടർന്നാണ് പരാതികൾ പോലീസിന് ലഭിച്ചു തുടങ്ങിയത്. പത്താംക്ലാസ്, ഹയർസെക്കൻഡറി വിദ്യാർഥികളാണ് പരാതിയുമായെത്തിയത്. കൊണ്ടോട്ടിയിലും പരിസരപ്രദേശങ്ങളിലും വച്ചാണ് വിദ്യാർഥികൾ പീഡനത്തിനിരയായത്.