ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ. ഹിൽപാലസ് എ.ആർ. ക്യാന്പിലെ സിവിൽ പോലീസ് ഓഫീസറായ പൊള്ളേത്തൈ അഞ്ച് പറന്പിൽ പി.ഡി. രതീഷ്കുമാറിനെയാണ് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
നാലുവർഷമായി യുവതിയുമായി അടുപ്പത്തിലായിരുന്ന രതീഷ്കുമാർ വാടക വീട്ടിൽ ഇവരുമായി ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. രണ്ടുവർഷം മുന്പാണ് രതീഷ്കുമാറിന് പോലീസിൽ ജോലി ലഭിച്ചത്. തുടർന്ന് യുവതി തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടെങ്കിലും വീട് നിർമാണം പൂർത്തിയാകട്ടേയെന്നായിരുന്നു ഇയാളുടെ മറുപടി.
പിന്നീട് യുവതിയുടെ മാതാപിതാക്കൾ വിവാഹവുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടിലെത്തിയെങ്കിലും വിവാഹത്തിന് സമ്മതമല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതറിഞ്ഞ യുവതി കഴിഞ്ഞദിവസം ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ സ്ഥിതി മോശമായതിനെത്തുടർന്ന് വണ്ടാനം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നോർത്ത് സിഐ ജി. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രതീഷിനെ അറസ്റ്റ് ചെയ്തത്.