സ്വന്തം ലേഖകൻ
തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിക്കുകയും ചെയ്തെന്ന കേസിൽ യുവാവിനെ ഒറ്റപ്പാലം പോലീസ് പിടികൂടി. ഷൊർണൂർ കുളപ്പുള്ളി സ്വദേശി പ്രതാപനെയാണ് പിടികൂടിയത്. കഴിഞ്ഞ വർഷം ജൂണിൽ പോലീസി പരാതി നൽകിയെങ്കിലും ഒന്പതു മാസത്തിനുശേഷമാണു പ്രതിയെ അറസ്റ്റു ചെയ്തത്.
മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച പ്രതി യുവതിയെ വിവാഹം കഴിക്കുമെന്നു വീണ്ട ും പ്രതീക്ഷ നൽകിയിരുന്നു. ആറു മാസത്തിലേറെക്കാലം അറസ്റ്റ് ഒഴിവാക്കാൻ ഇതുമൂലം കഴിഞ്ഞു. എന്നാൽ വിവാഹത്തിനു തയാറായില്ല. ഇതോടെ, കഴിഞ്ഞ ഡിസംബർ 30 നകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.
ഇതിനിടെ, പരാതിയിൽനിന്ന് പിന്മാറിയില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്നും മറ്റും യുവതിയേയും ബന്ധുക്കളേയും ഭീഷണിപ്പെടുത്തിയ പ്രതിയുടെ സഹോദരനും ബന്ധുവിനുമെതിരേ പാലക്കാട് ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയിട്ടുണ്ട്.പ്രതിക്കെതിരേ തൃശൂർ ജില്ലയിലെ ഗവണ്മെന്റ് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ജൂണ് പത്താം തീയതി പരാതി നൽകിയതായിരുന്നു.
കുറ്റകൃത്യങ്ങൾ നടന്ന സ്ഥലവും പ്രതിയുടെ സ്ഥലവും ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് ഒറ്റപ്പാലത്തേക്കു മാറ്റി. എന്നാൽ നടപടികളൊന്നും ഉണ്ടായില്ല. ഇതേത്തുടർന്ന് യുവതി പാലക്കാട് ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി. ജില്ലാ പോലീസ് മേധാവിയുടെ ഇടപെടലുകളെത്തുടർന്നാണു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ഇതേത്തുടർന്ന് പ്രതി ഓഗസ്റ്റു മാസത്തിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകുകയായിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച് പോലീസിനു മുന്നിൽ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.