എരുമപ്പെട്ടി: നെല്ലുവായിൽ പീഡനത്തിനിരയായ 12 വയസുകാരിയെയും അമ്മയേയും പ്രതികളുടെ ബന്ധുക്കളും സുഹൃത്തുക്കളും പോലീസും ചേർന്നു മാനസികമായി പീഡിപ്പിക്കുന്നതായും അപമാനിക്കുകയാണെന്നും പെണ്കുട്ടിയുടെ അമ്മ എരുമപ്പെട്ടിയിൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇതിനെതിരേ ചൈൽഡ് വെൽഫയർ കമ്മിറ്റിക്കു പരാതി നൽകുമെന്നും അവർ അറിയിച്ചു.
പെൺകുട്ടിയെ സംരക്ഷിക്കാതെ പ്രതികൾക്കു വേണ്ടി പ്രവർത്തിക്കുന്നവർ സജീവമാണ്. വിവാഹ ജീവിതത്തിന്റെ തുടക്കത്തിൽ ഇതുപോലെയുള്ള രാക്ഷസന്മാർ എന്നെ വേട്ടയാടൻ ശ്രമിച്ചപ്പോൾ വിഷം കഴിച്ച് അത്മഹത്യയ്ക്കു ശ്രമിച്ചതാണ്. ആശുപത്രിയിൽനിന്നു രക്ഷപ്പെട്ട ഞാൻ എറണാകുളത്തുള്ള മദർ തെരേസ സന്യാസിനികളുടെ അടുത്ത് അഭയം തേടുകയായിരുന്നു. തുടർന്നു എസ്എസ്എൽസി ഡിസ്റ്റിംഗ്ഷനോടെ വിജയിച്ച എന്നെ അവർ ടിടിസി പഠിപ്പിച്ചു.
തുടർന്ന് പലരുടേയും സഹായത്താൽ ഈ നിലയിൽ എത്തി. ഇതിൽനിന്നു എനിക്കു ലഭിച്ച ശക്തിയാലാണ് എന്റെ കുട്ടി നേരിട്ട പ്രശ്നം കൈകാര്യം ചെയ്യാൻ സാധിക്കുന്നത്.എന്റെ പഴയ കാല അനുഭവങ്ങൾ മറന്നാണ് ഭർത്താവിന്റെ വീട്ടുകാരുമായി സഹകരിച്ചത്. ഈ അവസരത്തിലാണ് കുട്ടിയെ നെല്ലുവായിലുള്ള വീട്ടിൽ അവധി ദിവസങ്ങളിൽ താമസിപ്പിച്ചിരുന്നത്. കുറ്റവാളികൾക്കെതിരേ പ്രതികരിച്ചപ്പോൾ ഒരു അമ്മയെ അപമാനിക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങൾ നടക്കുന്നു.
നിസഹായരായ അമ്മമാരെ ഓർത്തെങ്കിലും സമൂഹം പിന്തുണ നൽക്കണമെന്നു കുട്ടിയുടെ അമ്മ അഭ്യർഥിച്ചു.ഞാനും മകളും പോലീസ് പറഞ്ഞതനുസരിച്ചാണ് ഭർത്താവിന്റെ വീട്ടിലേക്കു പോയത്. പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും അവിടെ എത്തിയിരുന്നു. ഭർത്താവിന്റെ സമീപ വീട്ടുകാരൊന്നും അവിടെ ഉണ്ടായിരുന്നില്ല. ആരോ ആസൂത്രണം ചെയ്ത കൈയേറ്റ ശ്രമമായിരുന്നു അത്.
ഞങ്ങൾക്കെതിരേ പത്രസമ്മേളനം സംഘടിപ്പിച്ച നേതാവും അവിടെ ഉണ്ടായിരുന്നില്ല. ഉടനെ ഞാൻ രക്ഷയ്ക്കായി പോലീസിനെ വിളിക്കുകയും വളരെ വൈകിയെത്തിയ അഡീഷണൽ എസ്ഐ ഞങ്ങൾക്ക് അഭയം നൽകുന്നതിനു പകരം പ്രതികളുടെ ബന്ധുകളുമായി ചേർന്ന് അപമാനിക്കുകയായിരുന്നു. തുടർന്ന് പോലീസ് കൃത്യവിലോപം കണ്ടെത്തി അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു.
പ്രതികളുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് അവരെ സഹായിച്ച അഡീഷണൽ എസ്ഐയെ സസ്പെൻഡ് ചെയ്തതിൽനിന്നു രക്ഷിക്കാനും കൈയേറ്റം ചെയ്തവർക്കെതിരേയുള്ള കേസ് ഒതുക്കി തീർക്കാനും പ്രവർത്തിക്കുന്നതായും അവർ ആരോപിച്ചു.