കോഴിക്കോട്: സൈന്യത്തിലേക്ക് ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യുന്ന എരഞ്ഞിപ്പാലം പ്രി റിക്രൂട്ട്മെന്റ് ട്രെയിനിംഗ് സെന്റർ(പിആർടിസി) ഉടമസ്ഥർക്കെതിരേ ലൈംഗിക പീഡനത്തിന് കേസെടുക്കാൻ കോടതി ഉത്തരവ്. സ്ഥാപന ഉടമ നവാസ് ജാനും ഭാര്യ സറീന നവാസ് ജാനുമെതിരേ കേസെടുക്കാനാണ് കോഴിക്കോട് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.
സിഎംപി 1409/18 എന്ന നന്പറുള്ള ഉത്തരവിന്റെ പകർപ്പ് നോർത്ത് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലേക്ക് കൈമാറിയിട്ടുണ്ട്. സ്ഥാപനത്തിൽ പരിശീലനത്തിനായി എത്തിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിനിയെ വീട്ടിൽ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുക്കാൻ ഉത്തരവായത്.
പാലക്കാട് ലക്കിടി സ്വദേശിനിയായ വിദ്യാർഥിനി പീഡിനം സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ കോടതി ഉത്തരവിട്ടത്. എലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽവച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
പെൺകുട്ടിയെ നവാസ് ജാൻ വീട്ടിൽ കൊണ്ടുപോയി അടുക്കള ജോലി ചെയ്യിക്കുന്നതിനിടെ പിന്നിലൂടെവന്ന് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. പീഡനം എതിർത്തപ്പോൾ വഴങ്ങിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ഭാര്യ സറീന നവാസിന്റെ അറിവോടെയാണ് നവാസ് ജാൻ തന്നെ പീഡിപ്പിച്ചതെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നുണ്ട്. ഇതിന് പുറമെ വിദ്യാർഥിനിയെക്കൊണ്ട് പ്രതികൾ തങ്ങളുടെ കക്കൂസ് വൃത്തിയാക്കിക്കാറുണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു. എതിർ ശബ്ദം ഉയർത്തുന്നവരെ ജാതി പ്പേര് വിളിച്ചാണ് ആക്ഷേപിച്ചിരുന്നതെന്നും പരാതിയിലുണ്ട്. സ്ഥാപനത്തിനെതിരേ നേരത്തെ തന്നെ പല പരാതികളും ഉയർന്നിരുന്നു.
പട്ടികജാതി വകുപ്പിന്റെ ഗ്രാന്റ് വാങ്ങി പ്രവർത്തിക്കുന്ന സ്ഥാപനം അവിടെയെത്തുന്ന വിദ്യാർഥികളിൽ നിന്ന് 1000 രൂപ ഒരു രേഖയുമില്ലാതെ ഈടാക്കുന്നതായി ആക്ഷേപമുണ്ട്. വൃത്തിഹീനമായ ഹോസ്റ്റലും ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണവുമാണ് നൽകാറുള്ളതെന്ന് വിദ്യാർഥിനി പരാതിയിൽ പറയുന്നു.
ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങൾ രണ്ടുമാസം പീഡനം സഹിച്ച് ഇവിടുത്തെ ട്രെയിനിംഗ് പൂർത്തിയാക്കുന്നത്. എന്നാൽ സൈന്യത്തിന് വേണ്ട അടിസ്ഥാന ആരോഗ്യ മാനദണ്ഡങ്ങൾ പോലുമില്ലാത്തവരെ സ്ഥാപനത്തിലെത്തിച്ച് പണം ഈടാക്കുന്നതായും പരാതിയുണ്ട്.
വിദ്യാഭ്യാസമില്ലാത്ത രക്ഷിതാക്കളുടെ മക്കളെയാണ് ഇത്തരത്തിൽ ചൂഷണം ചെയ്യുന്നതെന്നും സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവർ വെളിപ്പെടുത്തുന്നു. നേരത്തെ പെൺകുട്ടിയുടെ പരാതിയിൽ ഇരുവർക്കുമെതിരെ മറ്റൊരു കേസ് നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.