പൂന: മഹാരാഷ്ട്രയിലെ പൂനയിൽ ലൈംഗിക പീഡനത്തിന് ഇരായ പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു. ഞായറാഴ്ച പൂനയിലെ ഹിൻജാവാടിയിലാണ് 12 വയസുള്ള രണ്ട് പെണ്‍കുട്ടികൾ പീഡനത്തിന് ഇരയായത്. സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയാണ് മരിച്ചത്. മറ്റേ കുട്ടിയും ചികിത്സയിലാണ്.
കേസിലെ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിരണ്ടുകാരനായ ഗണേഷ് നിഖാമിനെയും പതിനേഴുക്കാരനെയുമാണ് പോലീസ് പിടികൂടിയിട്ടുണ്ട്. വീടിനു സമീപത്തെ ക്ഷേത്രത്തിൽ പോയി മടങ്ങുന്ന സമയത്ത് മിഠായി തരാമെന്ന് പറഞ്ഞ് കുട്ടികളെ ആളൊഴിഞ്ഞ് സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് ഇരുവരേയും പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാൽ അസഹനീയമായ വേദന അനുഭവപ്പെട്ട പെൺകുട്ടികളിൽ ഒരാൾ സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞു. ഇതേതുടർന്ന് കുട്ടിയെ രക്ഷിതാക്കൾ ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്.
ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.