പോത്തന്‍കോട്: മംഗലപുരം മുരുക്കുംപുഴയില്‍ പീഡനത്തിനു ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ കുട്ടിയുടെ അടുത്ത ബന്ധുവായ യുവാവ് അറസ്റ്റില്‍. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശാര്‍ക്കര മഞ്ചാടിമൂട് മണ്ണംകുടി വയല്തിട്ടയില് വീട്ടില്‍ രാജേഷ് (30)നെ പോലീസ് അറസ്റ്റ് ചെയ്തത്. മംഗലപുരം പോലിസാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ രാജേഷ് പെൺകുട്ടിയുടെ അടുത്ത ബന്ധു കൂടിയാണ്.
കുട്ടി പീഡനത്തിനു ഇരയായി എന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 23നാണ് മുരുക്കുംപുഴ സ്വദേശിനിയായ പതിനാറുകാരി വീട്ടിൽ ജീവനൊടുക്കിയത് . രാജേഷ് പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവായതിനാല്‍ നിരന്തരം വീട്ടില്‍ എത്തുമായിരുന്നു. ഇയാള്‍ കുട്ടിയെ പലതവണ പീഡിപ്പിച്ചു വരുകയായിരുന്നു. തുടര്‍ന്നു പെണ്‍കുട്ടിക്ക് രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നു തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജ് എസ്എറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ച പെണ്‍കുട്ടി ഇവിടെ ചികിത്സയിലായിരുന്നു. ഇതിനുശേഷമാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.
പോലീസ് ആദ്യം അസ്വാഭാവിക മരണത്തിനു കേസെടുത്തെങ്കിലും പിന്നീടു വീട്ടുകാരുടെ പരാതി ഇല്ലാതെ തന്നെ പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതി വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. തിരുവനന്തപുരം റൂറല്‍ പോലീസ് മേധാവി പി.അശോക് കുമാറിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ എഎസ്പി ആദിത്യ, പോത്തന്‍കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ട ര്‍ എസ്.ഷാജി, മംഗലപുരം എസ്ഐ ബി. ജയന്, എസ്ഐ പുരുഷോത്തമന്, എഎസ്ഐ മോഹനന് നായര്‍, ഗിരീഷ്, ഹരി, മുരളി, ജയകുമാര്‍, രാഹുൽ, അല്ബിന്, താഹിറ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.