സാക്ഷികള്‍ എല്ലാം പ്രതിയുടെ ബന്ധു; കൂറുമാറ്റത്തെ അതിജീവിച്ച് കേസ് തെളിയിക്കപ്പെട്ടപ്പോൾ വയോധികന് 51 വര്‍ഷം കഠിനതടവും പിഴയും
പത്തനംതിട്ട: പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അടൂര്‍ ഏനാത്ത് കുളക്കട വില്ലേജില്‍ കുളക്കട ഈസ്റ്റ് തുരുത്തില് ദിവ്യാസദനം വീട്ടില്‍ രാജു (62) വിനെ പത്തനംതിട്ട പോക്സോ പ്രിന്‍സിപ്പല്‍ ജഡ്ജ് ജയകുമാര്‍ ജോണ്‍ വിവിധ വകുപ്പുകളിലായി 51 വര്‍ഷം കഠിന തടവിനും ഒന്നരലക്ഷം രൂപ പിഴയായും ഒടുക്കുന്നതിന് ശിക്ഷവിധിച്ചു.
ഏനാത്ത് പൂന്തോട്ടം എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു വരുമ്പോള്‍ അവിടെയെത്തിയ കുട്ടിയെ ഇയാള്‍ പലതവണ പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്.
കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പിതാവ് ഒരു കൗണ്‍സിലറിന്റെ സഹായത്തോടെ പീഡന വിവരം മനസിലാക്കി്. തുടര്‍ന്ന് ചൈല്‍ഡ് ലൈനിന്റെ ഇടപെടലിലൂടെ ഏനാത്ത് പോലീസ് കേസെടുക്കുകയായിരുന്നു.
പ്രതിയുടെ അടുത്ത ബന്ധുകൂടിയായ കുട്ടിയ്ക്കുനേരെ നടത്തിയ പീഡനം ഗൗരവമായി കണ്ട കോടതി വിവിധ വകുപ്പുകളിലായി 51 വര്‍ഷം കഠിന തടവിനു ശിക്ഷിക്കുകയായിരുന്നു.
എന്നാല്‍ പ്രതിയുടെ പ്രായവും രോഗാവസ്ഥയും പരിഗണിച്ച് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന വിധിന്യായ പ്രകാരം ഇയാള്‍ 20 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രുപ പിഴയും ഒടുക്കിയാല്‍ മതിയാകും.
പ്രോസിക്യൂഷന് വേണ്ടി പ്രിന്‍സിപ്പല്‍ പോക്സോ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജയ്സണ്‍ മാത്യൂസ് ഹാജരായ കേസില്‍ സാക്ഷികള്‍ എല്ലാം പ്രതിയുടെ ബന്ധുക്കളായതിനാല്‍ കൂറുമാറ്റത്തെയും അതിജീവിച്ചാണ് തെളിയിക്കപ്പെട്ടത്.
ഏനാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത് ഇന്‍സ്പെക്ടറായിരുന്ന പി.എസ്. സുജിത്താണ്.