വൈപ്പിൻ: പീഡിപ്പിച്ചു ഗർഭിണിയാക്കുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്താൻ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ കാമുകനും ഇയാളുടെ ബന്ധുവിനുമെതിരേ ഞാറക്കൽ പോലീസ് കേസെടുത്തു. കാലടി ചൊവ്വര സ്വദേശി രതീഷ് എന്ന യുവാവിനെതിരേ പീഡനത്തിനും ഇയാളുടെ ബന്ധുവിനെതിരേ ദേഹോപദ്രവത്തിനുമാണ് കേസെടുത്തിട്ടുള്ളത്.
ആലങ്ങാട് സ്വദേശിയായ യുവതിക്ക് വിവാഹ വാഗ്ദാനം നൽകി കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഈ മെയ് വരെ തിരുവനന്തപുരം, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ഇതിനുശേഷം ഗർഭിണിയായപ്പോൾ ഗർഭചിദ്രത്തിനു നിർബന്ധിച്ച് ബന്ധുവിനും യുവതിയുടെ മാതാവിനുമൊപ്പം വൈപ്പിൻ കരയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തത്.
എന്നാൽ ഇവിടെ വെച്ച് യുവതിയും കാമുകന്റെ ബന്ധുവുമായി തർക്കമുണ്ടാകുകയും കഴിഞ്ഞദിവസം ആശുപത്രിക്കു മുന്നിൽ യുവതിയെ ഇയാൾ ആക്രമിക്കുകയും ചെയ്തതോടെയാണ് പ്രശ്നം പോലീസിനു മുന്നിലെത്തുന്നത്. തുടർന്ന് യുവതിയുടെ മൊഴിയനുസരിച്ചാണ് പോലീസ് കേസെടുത്തുത്. പ്രതികൾ രണ്ടും ഒളിവിലാണ്.