ചെറായി: പ്രായപൂർത്തിയാകാത്ത തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് കളമശേരി സ്വദേശിനിയായ 16 വയസുകാരി മജിസ്ട്രേറ്റിനു നൽകിയ മൊഴിയിൽ കേസെടുത്തതിനെത്തുടർന്ന് ഒളിവിൽപ്പോയ പള്ളിപ്പുറം കോവിലകത്തുംകടവ് സ്വദേശിയായ റിട്ടയേർഡ് പോലീസുകാരനു ഹൈക്കോടതി ഡിവിഷൻ ബഞ്ച് മുൻകൂർ ജാമ്യം അനുവദിച്ചു.
കഴിഞ്ഞവർഷം ഒക്ടോബറിൽ നടന്ന സംഭവത്തിൽ മുനന്പം പോലീസ് പള്ളിപ്പുറം സ്വദേശിയായ രണ്ട് യുവാക്കളെയും തിരുവന്തപുരം സ്വദേശിയായ മറ്റൊരു യുവാവിനെയും അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. പിന്നീട് രണ്ടാമത് ബാലിക നൽകിയ മൊഴിയിലാണ് റിട്ട. പോലീസും മുനന്പം സ്വദേശിയായ മറ്റൊരു യുവാവും ഉൾപ്പെട്ടത്. ഇതോടെ ഇരുവരും ഒളിവിൽ പോയി.
ഇതിൽ റിട്ട. പോലീസുകാരൻ ആദ്യം ഹൈക്കോടതി സിംഗിൾബെഞ്ച് മുന്പാകെയും പിന്നീട് സെഷൻസിലും മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും രണ്ടുംതള്ളി. തുടർന്ന് ഡിവിഷൻബെഞ്ചാണ് ജാമ്യം അനുവദിച്ചത്. 10 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനായ മുനന്പം എസ്ഐ മുന്പാകെ ഹാജരാകണമെന്നാണ് ജാമ്യവ്യവസ്ഥ.
മുനന്പം സ്വദേശിയായ യുവാവ് ഇപ്പോഴും ഒളിവിലാണ്. ആദ്യ സംഭവത്തിൽ ബാലികയെ എറണാകുളത്ത് നിന്നും പള്ളിപ്പുറത്തുള്ള ഒരു ബോട്ട് യാർഡിൽ എത്തിച്ച് തിരുവനന്തപുരം സ്വദേശിയായ യുവാവ് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഈ യുവാവിനു സ്ഥലവും സൗകര്യവും നൽകിയ മറ്റ് രണ്ടുപേർ ബാലികയെ പള്ളിപ്പുറം കോവിലകത്തും കടവിൽ തനിയെ താമസിക്കുന്ന റിട്ട.
പോലീസുകാരന്റെ വീട്ടിലെത്തിച്ചു പീഡിപ്പിച്ചുവെന്നായിരുന്നു ബാലികയുടെ ആദ്യമൊഴി. പിന്നീട് രണ്ടാമത് നൽകിയ മൊഴിയിൽ റിട്ട. പോലീസുകാരന്റെ കാറിൽ പറവൂരിൽ നിന്നും കയറ്റിക്കൊണ്ട് വന്ന് ബീച്ചിലും മറ്റിടങ്ങളിലുമായി വെച്ച് പീഡിപ്പിക്കുകയും അതിനുമുന്പായി കഞ്ചാവ് നൽകിയെന്നും ബാലിക മൊഴിയിൽ പറഞ്ഞിട്ടുള്ളതായി മുനന്പം പോലീസ് സൂചന നൽകി.
എന്നാൽ താൻ ബാലികയെ പീഡിപ്പിച്ചിട്ടില്ലെന്നും പറവൂരിൽ നിന്നും കാറിൽ കയറിയ ബാലികയും കാറിൽ തനിക്കൊപ്പമുണ്ടായിരുന്ന യുവാവും ഇടക്ക് വെച്ച് കാറിൽ നിന്നും ഇറങ്ങിപ്പോയതിനെത്തുടർന്നുള്ള വിവരങ്ങൾ തനിക്കറിയില്ലെന്നുമാണ് റിട്ട. പോലീസുകാരൻ കോടതിയിൽ പറഞ്ഞത്. ഇയാൾ ഈ ആഴ്ച മുനന്പം പോലീസിൽ ഹാജരാകുമെന്നാണ് സൂചന.