പട്ടാന്പി: 59 സ്കൂൾ വിദ്യാർഥിനികൾ ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തിലെ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇയാൾ ജില്ല വിട്ടതായാണ് സൂചന. ഒരു യു.പി സ്കൂളിലെ 59 വിദ്യാർഥിനികളെ ചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയിൽ സ്കൂളിന് സമീപം ബേക്കറികട നടത്തുന്ന കക്കാട്ടിരി സ്വദേശി പൂലേരി വളപ്പിൽ കൃഷ്ണനെതിരെയാണ് (57)പോലീസ് കേസെടുത്തിട്ടുള്ളത്. കേസെടുത്തതോടെയാണ് ഇയാൾ ഒളിവിൽ പോയത്.
ഇയാൾക്കായി കക്കാട്ടിരിയിലെ വീട്ടിലും എറണാകുളത്തെ ബന്ധു വീട്ടിലും മറ്റും കഴിഞ്ഞദിവസങ്ങളിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലന്ന് തൃത്താല എസ്ഐ അനീഷും, എഎസ്ഐ പി. മാരിമുത്തുവും പറഞ്ഞു. വലിയ ബന്ധുബലമോ സുഹൃത്തുക്കളോ സാന്പത്തികചുറ്റുപാടോ ഇല്ലാത്തതിനാൽ ഇയാൾ അധികം ദൂരേക്ക് പോകാൻ സാധ്യതയില്ലെന്നും ഉടൻ പിടിയിലാവുമെന്നുമാണ് പോലീസ് പറയുന്നത്.
കടയിൽ മിഠായിയും മറ്റും വാങ്ങാനെത്തുന്ന പെണ്‍കുട്ടികളെയാണ് ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തു വന്നിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒരു കുട്ടി ചൂഷണശ്രമം പുറത്തു പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൂടുതൽ കുട്ടികളും തങ്ങൾക്കുണ്ടായ ദുരനുഭവം അധ്യാപകരോട് പങ്കുവെച്ചു. തുടർന്ന് അധ്യാപകരുടേയും രക്ഷിതാക്കളുടേയും നേതൃത്വത്തിൽ സംഭവം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.
ഇതേ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വിദ്യാലയത്തിലെത്തി കുട്ടികളിൽ നിന്നും മൊഴി രേഖപ്പെടുത്തി. ഇത്തരത്തിൽ ലൈംഗിക ചൂഷണത്തിനിരയായ 59 പെണ്‍കുട്ടികളിൽ നിന്നും പ്രവർത്തകർ വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. രക്ഷിതാക്കളുടേയും ചൈൽഡ് ലൈനിന്റേയും പരാതിയിലാണ് തൃത്താല പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയത്. ഇന്ന് ബാക്കിയുള്ള കുട്ടികളുടെ കൂടി മൊഴിയെടുക്കുന്നുണ്ട്.
വർഷങ്ങളായി കുട്ടികളെ ഇയാൾ ചൂഷണത്തിനിരയാക്കി വന്നിരുന്നതായാണ് വിവരം. കുട്ടികളെ ഭീഷണിപ്പെടുത്തിയായിരുന്നു ചൂഷണം. ഇതായിരിക്കണം കാര്യങ്ങൾ പുറത്തറിയാൻ വൈകിയതും കൂടുതൽ കുട്ടികൾ ഇയാളുടെ ചൂഷണത്തിന് ഇരയാകാൻ കാരണമാകുകയും ചെയ്ത്.അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളാണ് ചൂഷണത്തിന് ഇരയായത്.
പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം സ്കൂളിൽ ചേർന്ന പിടിഎ മീറ്റിംഗിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. പിടിഎ മീറ്റിംഗ് നടക്കുന്പോൾ പ്രതി കട തുറന്നിരുന്നുവെന്നാണ് അറിയുന്നത്. പിന്നീട് പെട്ടെന്ന് കടയടച്ച് പോവുകയായിരുന്നുവെന്നും പറയുന്നു. പോലീസ് ഇയാളുടെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.