തൊടുപുഴ: പുഴയിൽ ചാടുമെന്നു ഭീഷണി മുഴക്കിയ വിദ്യാർഥിനിയെ നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്നു പോലീസ് എത്തി പിന്തിരിപ്പിച്ചു. ഇന്നലെ വൈകിട്ടോടെ തൊടുപുഴ പാലത്തിലാണ് സംഭവം. തൊടുപുഴ ഭാഗത്തെ സ്കൂളിൽ എസ്എസ്എൽസിക്കു പഠിക്കുന്ന വിദ്യാർഥിനിയാണ് രണ്ടാനച്ഛൻ ഉപദ്രവിക്കുന്നുവെന്നു പറഞ്ഞ് ജീവനൊടുക്കാൻ ശ്രമിച്ചത്.
പിതാവു മരിച്ചു പോയ പെണ്കുട്ടി രണ്ടാനച്ഛന്റെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്.ഇതിനിടെ രണ്ടാനച്ഛൻ ഉപദ്രവിക്കുനിന്നുവെന്നു കാട്ടി പെണ്കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. ഇതെത്തുടർന്നു രണ്ടാനച്ഛൻ കുട്ടിയെയും മാതാവിനെയും വീട്ടിൽ നിന്നും പറഞ്ഞു വിട്ടിരുന്നു.
ചൈൽഡ് ലൈൻ അധികൃതർ ഇവരെ തൊടുപുഴയിലെ സംരക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നും ആരുമറിയാതെ ഇറങ്ങിപ്പോയാണ് ജീവനൊടുക്കാൻ കുട്ടി ശ്രമിച്ചത്. തൊടുപുഴ പോലീസ് പിന്നീട് രാജാക്കാടുള്ള പിതാവിന്റ ബന്ധുക്കളെ വിളിച്ചു വരുത്തുകയും മറ്റു നടപടികൾക്കായി ചൈൽഡ് ലൈനിനെ വിവരമറിയിക്കുകയും ചെയ്തു.