മുക്കം: ആണ്‍കുട്ടികൾക്കൊപ്പം പെണ്‍കുട്ടികളും സോഷ്യൽ മീഡിയയിൽ സജീവമായതോടെ ചതിക്കുഴികൾ ഒരുക്കി കാത്തിരിക്കുന്നവരും നിരവധിയാണ്. ഫെയ്സ് ബുക്ക് ,വാട്സ് ആപ്പ് ചാറ്റിംഗിലൂടെയാണ് പെണ്‍കുട്ടികൾ കൂടുതലായും ചതിയിൽ പെടുന്നത്.മുക്കത്ത് കഴിഞ്ഞ ദിവസം രണ്ടു സംഭവങ്ങളിലായി പെണ്‍കുട്ടികൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്.
ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട രണ്ട് യുവാക്കൾ കഴിഞ്ഞ ദിവസം മുക്കത്തെത്തിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. തൊണ്ടിമ്മൽ സ്വദേശിയായ പ്രായപൂർത്തിയാവാത്ത വിദ്യാർഥിനി തന്റെ ഫെയ്സ് ബുക്ക് സുഹൃത്തായ കാസർഗോഡ് സ്വദേശിയെ മുക്കത്തേക്ക് വരുത്തുകയായിരുന്നു. ഫെയ്സ്ബുക്ക് സുഹൃത്തിനൊപ്പം അയാളുടെ സുഹൃത്തും വന്നിരുന്നു.
രാവിലെ മുതൽ വൈകുന്നേരം വരെ പല സ്ഥലങ്ങളിൽ കറങ്ങി വൈകുന്നേരം ഒരു കെട്ടിടത്തിന് മുകളിൽ നിന്ന് അനാശാസ്യ പ്രവർത്തനത്തിന് തുനിഞ്ഞതോടെ നാട്ടുകാർ ഇടപെടുകയായിരുന്നു. പോലീസെത്തി കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി കുട്ടിയെ അവർക്കൊപ്പം വിട്ടയക്കുകയായിരുന്നു.
തൊട്ടടുത്ത ദിവസം മറ്റൊരു പെണ്‍കുട്ടി ഫെയ്സ് ബുക്ക് കാമുകനൊപ്പം മുക്കത്ത് കറങ്ങുന്നത് കണ്ട അച്ഛൻ തന്നെ ഇടപെടുകയായിരുന്നു. മുക്കത്തെ ഒരു കൂൾബാറിൽ നിന്ന് ജ്യൂസ് കുടിക്കുന്പോൾ പിതാവ് നേരിട്ടെത്തി പെണ്‍കുട്ടിയെ കൂട്ടികൊണ്ട് പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഫെയ്സ് ബുക്ക് സുഹൃത്തിന്റെ കരണത്ത് പൊന്നീച്ച പറക്കുന്ന അടിയും കൊടുത്തു എന്നാണ് കണ്ടു നിന്നവർ പറയുന്നത്.