തിരുവനന്തപുരം: ഏഴു വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത അമ്മയ്ക്ക് 40 വർഷവും ആറു മാസവും കഠിനതടവും 20,000 രൂപ പിഴയും.
തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടുതൽ തടവ് അനുഭവിക്കണം. ലീഗൽ സർവീസസ് അഥോറിറ്റി കുട്ടിക്കു നഷ്ടപരിഹാരം നൽകണം.
2018 മാർച്ച് മുതൽ 2019 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മനോരോഗിയായ ഭർത്താവിനെ ഉപേക്ഷിച്ച കുട്ടിയുടെ അമ്മ കാമുകനായ ശിശുപാലനൊപ്പമാണ് താമസിച്ചിരുന്നത്.
ഈ കാലയളവിൽ പ്രതിയുടെ മകളായ കുട്ടിയും പ്രതിയോടൊപ്പമുണ്ടായിരുന്നു. ഈ സമയം ശിശുപാലൻ കുട്ടിയെ പലതവണ ക്രൂരമായി പീഡിപ്പിച്ചു. വിചാരണയ്ക്കിടെ ഒന്നാം പ്രതിയായ ശിശുപാലൻ ആത്മഹത്യ ചെയ്തു. അതിനാൽ അമ്മയ്ക്കെതിരേ മാത്രമാണ് വിചാരണ നടന്നത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി.