നവാസ് മേത്തര്‍
തലശേരി: ശ്രീലങ്കന്‍ യുവതിയെ ചൊക്ലി സ്വദേശിയായ യുവാവ് പീഡിപ്പിച്ച കേസ് വഴിത്തിരിവിലേക്ക്. പീഡനത്തിനിരയായ യുവതിയുടെ ആദ്യ ഭര്‍ത്താവുമായി ബന്ധപ്പെട്ട മറ്റൊരു കേസിന്റെ അന്വേഷണത്തിനായി തമിഴ്നാട്ടില്‍ നിന്നുള്ള സിബിഐ സംഘം തലശേരിയിലെത്തും. പീഡനത്തിനിരയായ യുവതിയുടെ ആദ്യ ഭര്‍ത്താവ് തമിഴ്നാട്ടില്‍ നടന്ന 700 കോടിയുടെ രൂപയുടെ തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷിക്കുന്ന പ്രതിയാണെന്ന് കേരള പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
ഈ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്ക്കായിട്ടാണ് സിബിഐ സംഘം തലശേരിയിലെത്തുന്നത്. ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ തലശേരി പോലീസ് തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ആദ്യഭര്‍ത്താവ് സിബിഐ കേസിലെ പ്രതിയാണെന്ന് വ്യക്തമായിട്ടുള്ളത്. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസിന് ലഭിച്ച വിവരം.
തലശേരി പോലീസ് തമിഴ്നാട് സിബിഐ സംഘവുമായി ബന്ധപ്പെടുകയും യുവതിയുടെ ആദ്യ ഭര്‍ത്താവിനെ കുറിച്ചുള്ള വിവരങ്ങള്‍ ആരായുകയും തലശേരിയിലെ കേസിന്റെ വിവരങ്ങള്‍ സിബിഐയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സിബിഐ സംഘവും എത്തുന്നത്.ഏറെ നാളുകളായി തലശേരിയില്‍ താമസിച്ചു വരുന്ന ശ്രീലങ്കന്‍ യുവതിയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് തലശേരി പോലീസ്.
ഇതിന്റെ ഭാഗമായിട്ടാണ് യുവതി താമസിച്ചിരുന്ന കോയമ്പത്തൂരില്‍ പോലീസ് അന്വേഷണം നടത്തിയത്. യുവതിയുടെ മാതാപിതാക്കള്‍ തിരുപ്പൂരില്‍ ഉണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്താനായി പോലീസ് തിരുപ്പൂരിലേക്ക് പോകുമെന്നും ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന് രാഷ്ട്രദീപികയോട് പറഞ്ഞു.ഇതിനിടയില്‍ യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയാക്കപ്പെട്ടിട്ടുള്ള യുവാവിനെകുറിച്ചുള്ള വിവരങ്ങളും സിബിഐ തേടിയിട്ടുണ്ട്.
വിദേശത്തേക്കു കടന്ന പ്രതിയെ കണ്ടെത്തുന്നതിനായി തലശേരി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. യുവതിയില്‍ നിന്നും വന്‍ തുക യുവാവ് തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം. അങ്ങനെയെങ്കില്‍ യുവതിക്ക് ഇത്രയധികം തുക എവിടെ നിന്ന് കിട്ടിയെന്ന ചോദ്യത്തിനു ഉത്തരം തേടുകയാണ് പോലീസ്.
തമിഴ്നാട്ടില്‍ നടന്ന 700 കോടിയുടെ തട്ടിപ്പു കേസില്‍ മലയാളികളായ ചില യുവാക്കള്‍ക്കും പങ്കുണ്ടൈന്ന സൂചനയും പോലീസിന് ലഭിച്ചുണ്ട്. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേണഷം തലശേരിയലേക്കും വ്യാപിപ്പിക്കുന്നത്.
വിവാഹ വാഗ്ദാനം നല്കി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുകയും മാനസികവും ശാരീരകവുമായി പീഡിപ്പിക്കുകയും പണം വാങ്ങി തിരിച്ചു നല്‍കാതെ വഞ്ചിക്കുകയും ചെയ്തുവെന്ന പരാതിയുമായിട്ടാണ് ശ്രീലങ്കന്‍ സ്വദേശിനിയും കോയമ്പത്തൂരില്‍ സ്ഥിര താമസിക്കാരിയുമായ മുപ്പത്തിയെട്ടുകാരി പോലീസിനു മുന്നിലെത്തിയത്.
പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ് പോലീസ് കരിയാട് പള്ളിക്കുനി കുണ്ടോറന്റവിട റെനീഷ് (26). മാതാവ് നളിനി (49) സഹോദരി രേഷ്മ (30), ഭര്‍ത്താവ് കൊയിലാണ്ടി വടക്കേകണ്ണന വീട്ടില്‍ ബിബീഷ് (39) എന്നിവര്‍ക്കെതിരെ കേസെടുക്കുകയും ചയ്തു. ഇവരില്‍ നളിനി, മകള്‍ രേഷ്മ, രേഷ്മയുടെ ഭര്‍ത്താവ് ബിബീഷ് എന്നിവര്‍ക്ക് ജില്ലാ കോടതി ജാമ്യ അനുവദിക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവിനെ വീണ്ടെടുത്ത് തരണമെന്നാവശ്യപ്പൊട്ടാണ് ശ്രീലങ്കന്‍ സ്വദേശിനി ആദ്യം ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്.