ഉപ്പുതറ: വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നാലുപേരെ പോലീസ് അറസ്റ്റ്ചെയ്തു. ഉപ്പുതറ, കുമിളി പോലീസ് സ്റ്റേഷനുകളിലായാണ് പ്രതികൾ കസ്റ്റഡിയിലായത്.
ആനവിലാസം പുല്ലുമേട് സ്വദേശികളായ അജിത്ത്, പ്രകാശ്, പ്രഭു, കുമളി ഒന്നാംമൈൽ സ്വദേശി പ്രേംകുമാർ എന്നിവരാണ് അറസ്റ്റിലായത്. മൈസൂർ മാനന്തവാടി എച്ച്ഡി കോട്ടയിലാണ് പെണ്‍കുട്ടികളോടൊപ്പം പ്രതികൾ പിടിയിലായത്. കുമളി സർക്കാർ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനികളെ അജിത്തും പ്രേംകുമാറും ചേർന്ന് സ്നേഹംനടിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നെന്നു പറയുന്നു.
ജീപ്പുടമ പ്രഭു, സഹായി ഓട്ടോഡ്രൈവർ പ്രകാശ് എന്നിവർക്കൊപ്പം പെണ്‍കുട്ടികളുമായി തിരിപ്പൂർ, കോയന്പത്തൂർ എന്നിവിടങ്ങളിൽ കറങ്ങിയശേഷം മൈസൂരിലെത്തുകയായിരുന്നു. കഴിഞ്ഞ 17-നാണ് സംഭവമുണ്ടായത്. വിവിധ സ്ഥലങ്ങളിൽവച്ച് പെണ്‍കുട്ടികൾ പീഡിപ്പിക്കപ്പെട്ടതായി പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളിൽ ഒരാൾ ഉപ്പുതറ പോലീസ് സ്റ്റേഷൻ പരിധിയിലുള്ളതാണ്. മാതാപിതാക്കൾ ഉപ്പുതറ പോലീസിലാണ് പരാതി നൽകിയിരുന്നത്. അജിത്തിനെ ഉപ്പുതറ പോലീസിന് കൈമാറി.
കുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതികളെ തൊടുപുഴ പോക്സോകോടതിയിൽ ഹാജരാക്കും. കുമുളി സിഐ വി. ഷിബുകുമാറിന്റെ നിർദേശാനുസരണം കുമളി എസ്ഐ ഹംസ, ഉപ്പുതറ എസ്ഐ എസ്. കിരണ്‍, സ്പെഷൽ ഓഫീസർ, വിനോദ്, എസ്ഐ വിനോയ്, പോലീസുകാരായ തോമസ് ജോണ്‍, ആതിര എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.