തലശേരി: സേ പരീക്ഷയ്ക്കെത്തിയ പ്ലസ്ടു വിദ്യര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അധ്യാപകനെ തേടി പോലീസ് തമിഴ്നാട്ടിലേക്ക്. ചൊക്ലി പന്ന്യന്നൂര്‍ സ്വദേശിയെ തേടിയാണ് ടൗണ്‍ എസ്ഐ എം.അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് തമിഴ്നാട്ടിലേക്ക് തിരിക്കുന്നത്.കഴിഞ്ഞ ദിവസം പോലീസ് പ്രതിയുടെ വീട്ടിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതി കോയമ്പത്തൂരിലുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ 14 നാണ് കേസിനാസ്പദമായ സംഭവം.
സ്കൂളില്‍ പ്ലസ്ടു സേ കംപ്യൂട്ടര്‍ പരീക്ഷയെഴുതാനെത്തിയ പതിനേഴുകാരിയാണ് അധ്യാപകന്റെ പീഡനത്തിനിരയായത്. പെണ്‍കുട്ടി വിവരം വീട്ടിലറിയിക്കുകയും ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ കൗണ്‍സിലര്‍ പെണ്‍കുട്ടിയില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസിന് കൈമാറുകയും ടൗണ്‍ പോലീസ് പോക്സോ പ്രകാരം കേസെടുക്കുകയുമായിരുന്നു.
ഇതിനിടയില്‍ കേസ് ഒതുക്കി തീര്‍ക്കാനും പ്രതിയെ രക്ഷപെടുത്താനും അണിയറയില്‍ ഊര്‍ജിത നീക്കം നടക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.