മഞ്ചേരി: പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത 42കാരന് മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി ജീവപര്യന്തം തടവിനു പുറമേ 68.5 വര്‍ഷം കഠിന തടവും 6,01,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അരീക്കോട് മൈത്ര തച്ചംപറമ്പ് അമ്പലത്തൊടി ബാബുവിനെയാണ് ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. 2019 ഡിസംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം.
സംഭവ ദിവസം കൂട്ടുകാരിയെ തേടി പ്രതിയുടെ വീട്ടിലെത്തിയതായിരുന്നു അതിജീവിത. ഈ സമയം വീട്ടില്‍ തനിച്ചായിരുന്ന പ്രതി ബാലികയെ ബലമായി വീട്ടിലേക്ക് വലിച്ചു കൊണ്ടുപോയി ബാലാത്സംഗം ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്. സ്കൂളില്‍ നടന്ന കൗണ്‍സലിംഗില്‍ കുട്ടി അധ്യാപികയോട് പീഡന വിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിന് വിവരം കൈമാറുകയും അരീക്കോട് പോലീസ് കേസെടുക്കുകയുമായിരുന്നു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സോമസുന്ദരന്‍ 17 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 22 രേഖകളും ഹാജരാക്കി. എഎസ്ഐമാരായ എന്‍. സല്‍മ, പി. ഷാജിമോള്‍ എന്നിവരായിരുന്നു പ്രോസിക്യൂഷന് അസിസ്റ്റ് ലെയ്സണ്‍ ഓഫീസര്‍മാര്‍.
എസ്സി എസ്ടി ആക്ടിലെ 3(2)വി വകുപ്പ് പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസത്തെ അധികതടവ് എന്നാണ് ശിക്ഷ. ഇതിനു പുറമേ ബലാത്സംഗം ചെയ്തതിനും പോക്സോ ആക്ടിലെ 5(കെ) പ്രകാരവും മുപ്പതു വര്‍ഷം വീതം കഠിന തടവും രണ്ടു ലക്ഷം രൂപ വീതം പിഴയും ശിക്ഷയുണ്ട്. ഇരു വകുപ്പുകളിലും പിഴയടയ്ക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ് അനുഭവിക്കണം.
ഇന്ത്യന്‍ശിക്ഷാ നിയമം 366 പ്രകാരം തട്ടിക്കൊണ്ടു പോയതിന് അഞ്ച് വര്‍ഷം കഠിന തടവും പോക്സോ വകുപ്പിലെ ഏഴു പ്രകാരം മൂന്നു വര്‍ഷം കഠിന തടവും ശിക്ഷയുണ്ട്. ഇരുവകുപ്പുകളിലും അര ലക്ഷം രൂപ പിഴയടയ്ക്കാനും അല്ലാത്തപക്ഷം രണ്ടു മാസം വീതം അധിക തടവ് അനുഭവിക്കാനും കോടതി വിധിച്ചു. എസ്സി എസ്ടി ആക്ടിലെ 3(1) വകുപ്പ് പ്രകാരം ആറു മാസത്തെ തടവും 1000 രൂപ പിഴയും പിഴയടക്കാത്ത പക്ഷം 15 ദിവസത്തെ തടവും ശിക്ഷയുണ്ട്.
ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നും പ്രതി പിഴയടയ്ക്കുന്നപക്ഷം തുക അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്ന് അതിജീവിതയ്ക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിക്ക് നിര്‍ദേശവും നല്കി. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.